വാഹനാപകടത്തിൽ പരിക്കേറ്റ ഗായിക മഞ്ജുഷ മരിച്ചു

പെരുമ്പാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസ് (26) മരിച്ചു. കാലടി സംസ്കൃത സർവകലാശാലയിൽ മോഹിനിയാട്ടം എം.എ. വിദ്യാർഥിനിയായ മഞ്ജുഷ വെള്ളിയാഴ്ച സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സർവകലാശാലയിലേക്ക് പോകുന്നതിനിടെ കാലടി താന്നിപ്പുഴക്ക് സമീപം കള്ളുകയറ്റി വന്ന പിക് അപ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാനയിലേക്ക് തെറിച്ചു വീണ മഞ്ജുഷയെയും സുഹൃത്ത് വളയൻചിറങ്ങര സ്വദേശിനി അഞ്ജനയെയും ഗുരുതര പരിക്കുകളോടെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്ക് എറണാകുളത്തേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ 9.30ഒാടെ എറണാകുളത്തെ ആശുപത്രിയിലാണ് മരണം. വളയൻചിറങ്ങര വിമ്മല നാലുകെട്ടിൽ മോഹൻദാസ് -ആനന്ദവല്ലി ദമ്പതികളുടെ മകളും കണ്ണൂർ സ്വദേശി പ്രിയദർശൻ ലാലി​െൻറ ഭാര്യയുമാണ്. ഒരുവയസ്സുകാരി വേവിക ഏകമകളാണ്. സഹോദരൻ: മിഥുൻ. പെരുമ്പാവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വൈകീട്ട് നാലിന് വളയൻചിറങ്ങരയിലെ വസതിയിൽ സംസ്കരിക്കും. ഐഡിയ സ്റ്റാർ സിങർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ മഞ്ജുഷ നർത്തകി കൂടിയായിരുന്നു. വിദേശങ്ങളിൽ ഉൾെപ്പടെ നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ച മഞ്ജുഷ വീടിന് സമീപത്ത് ലാസ്യ സ്കൂൾ ഓഫ് ആർട്സ് ആൻഡ് മ്യൂസിക് എന്ന സ്ഥാപനവും നടത്തി വരികയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.