കളമശ്ശേരി: കുടുംബശ്രീ വാർഷികാഘോഷ സമയത്ത് നഗരസഭ കൗൺസിൽ യോഗം ചേർന്നതിനെത്തുടർന്ന് പരിപാടി വൈകിയത് പ്രതിഷേധത്തിനിടയാക്കി. നഗരസഭക്കുകീഴിലെ കുടുംബശ്രീയുടെ 19ാമത് വാർഷികാഘോഷമാണ് വൈകിയത്. പങ്കെടുക്കാനെത്തിയവർ ബഹളംവെച്ചതോടെ സി.ഡി.എസ് അംഗങ്ങൾ കൗൺസിൽ നടക്കുന്ന ഹാളിലെത്തി പ്രതിഷേധം അറിയിച്ചു. തുടർന്നാണ് ചെയർപേഴ്സൻ ഉൾപ്പെടെ അംഗങ്ങളെത്തി പരിപാടി ആരംഭിച്ചത്. ടൗൺഹാളിൽ രാവിലെ ഒമ്പതരക്കാണ് പരിപാടി നിശ്ചയിച്ചത്. പ്രായമേറിയവരും കൈക്കുഞ്ഞുള്ളതുമായ സ്ത്രീകൾ ഉൾപ്പെടെ നൂറോളംപേർ സമയത്ത് ഹാളിലെത്തി. പരിപാടിയുടെ സമയം ഉൾപ്പെടെ വിവരങ്ങൾ ചെയർപേഴ്സനോടും കൗൺസിലർമാരോടും മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ, ഇതേസമയംതന്നെ കൗൺസിൽ യോഗം ചേരുകയായിരുന്നു. ഉദ്ഘാടകനായി വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എയെയും മുഖ്യാതിഥിയായി സി.പി.എം ജില്ല സെക്രട്ടറി പി.രാജീവിനെയും ക്ഷണിച്ചിരുന്നു. സമയം വൈകിയതോടെ ഇവർ മറ്റ് പരിപാടികൾക്ക് പോയി. പ്രശ്നങ്ങൾ പരിഹരിച്ച് ഉച്ചക്ക് 12-.30 ഓടെയാണ് ആഘോഷ പരിപാടികൾ തുടങ്ങിയത്. ചെയർപേഴ്സൻ ജെസി പീറ്റർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.എസ്. അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.കെ. ബഷീർ, ഷാജി കടപ്പിള്ളി, റുക്കിയ ജമാൽ, സുൽഫത്ത് ഇസ്മായിൽ, പ്രതിപക്ഷ നേതാവ് ഹെന്നി ബേബി, കൗൺസിലർമാരായ ബിന്ദു മനോഹരൻ, എ.ടി.സി. കുഞ്ഞുമോൻ, കളമശ്ശേരി സി.ഐ എസ്. ജയകൃഷ്ണൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ സമീന റഷീദ്, ഗിരിജ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. റോഡ് കുത്തിപ്പൊളിച്ച പദ്ധതിയെ അനുകൂലിച്ച് കൗൺസിലർ; ബഹളം, വാക്കേറ്റം കളമശ്ശേരി: റോഡുകൾ കുത്തിപ്പൊളിക്കുകയും സമയത്തിന് പൂർത്തിയാക്കാതിരിക്കുകയും ചെയ്യുന്ന സിറ്റി ഗ്യാസ് പദ്ധതിയെ അനുകൂലിച്ച് ഭരണകക്ഷി അംഗം സംസാരിച്ചത് കളമശ്ശേരി നഗരസഭ കൗൺസിലിൽ ബഹളത്തിനും വാക്കേറ്റത്തിനും കാരണമായി. പ്രതിപക്ഷ പ്രതിഷേധം നടുത്തളത്തിലെത്തിയതോടെ കൗൺസിൽ നിർത്തിവെച്ചു. പദ്ധതി നടപ്പാക്കുന്ന അദാനി കമ്പനി റോഡുകൾ വെട്ടിപ്പൊളിച്ച് ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നും ജനങ്ങളിലേക്കെത്താൻ കാലതാമസം നേരിടുന്നതായും അംഗങ്ങൾ പരാതിപ്പെട്ടു. ഇതോടെ പദ്ധതി നിർത്തിവെപ്പിക്കണമെന്ന് ഭരണകക്ഷി അംഗങ്ങളിൽ ചിലരും ആവശ്യപ്പെട്ടു. ഈസമയം, അദാനി ഗ്രൂപ് നഷ്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭരണപക്ഷത്തെ മറ്റൊരു അംഗം അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഒന്നടങ്കം അഭിപ്രായത്തെ രൂക്ഷമായി വിമർശിച്ച് ബഹളം വെച്ച് നടുത്തളത്തിലിറങ്ങി. ഇതോടെ യോഗം ഇടവേളക്ക് പിരിഞ്ഞു. ഉച്ചക്ക് രണ്ടിനുശേഷം വീണ്ടും ചേർന്നു. അദാനി കമ്പനിയുടെ രണ്ട് പ്രതിനിധികളെയും വിളിച്ചുവരുത്തി. പദ്ധതി നടത്തിപ്പിനെക്കുറിച്ച രൂക്ഷ വിമർശനങ്ങൾ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നിരത്തി. പൈപ്പിടാൻ കുഴിയെടുക്കൽ മുതൽ മണ്ണിട്ട് മൂടുന്നതുവരെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകുന്നില്ലെന്ന് ഭരണകക്ഷി അംഗം ആരോപിച്ചു. തുടർന്ന് മൂന്നു മാസത്തിനകം കരാർ പ്രകാരമുള്ള നാല് വാർഡിലെ ലൈൻ വലിക്കൽ പൂർത്തീകരിക്കണമെന്ന് അദാനി പ്രതിനിധികളോട് കൗൺസിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഇവർ അംഗീകരിച്ചതിനെത്തുടർന്നാണ് പ്രശ്നം അവസാനിച്ചത്. കഴിഞ്ഞ ദിവസം പൊതുനിരത്തിലേക്ക് ശൗചാലയ മാലിന്യം ഒഴുക്കിയ കിൻഫ്രയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുന്നതിനുപകരം മുന്നിൽ സത്യഗ്രഹം ഇരിക്കുകയും അത് ഉദ്ഘാടനം ചെയ്യാൻ ചെയർപേഴ്സൻ പോയതും ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.