കളമശ്ശേരി പോളിടെക്നിക്ക് കോളജ്: കെ.എസ്.യുവിന് ചരിത്രവിജയം

കളമശ്ശേരി: കളമശ്ശേരി പോളിടെക്നിക്ക് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് ചരിത്ര വിജയം. 30 വർഷങ്ങൾക്കൊടുവിൽ എസ്.എഫ്.ഐയിൽനിന്ന് ഭരണം തിരിച്ചുപിടിച്ചു. ഏഴ് ജനറൽ സീറ്റിൽ നാലെണ്ണം കെ.എസ്.യു വിജയിച്ചു. രണ്ട് സീറ്റ് സ്വതന്ത്രർ നേടിയപ്പോൾ എസ്.ഐഫ്.ഐയുടെ നേട്ടം ഒരു സീറ്റിലൊതുങ്ങി. അതേസമയം, വനിത പോളി ടെക്നിക്കിൽ മത്സരിച്ച എല്ലാ സീറ്റും എസ്.എഫ്.ഐ. നേടി. വി.ആർ. അതീഷാണ് ചെയർമാൻ. വൈസ് ചെയർമാനായി അജ്മൽ റോഷനും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഫായിസും വിജയിച്ചു. ബിജിൽ മത്തായിയാണ് മാഗസിൻ എഡിറ്റർ. എസ്.എഫ്.ഐ വിരുദ്ധ നിലപാടുമായി തെരഞ്ഞെടുപ്പിനെ നേരിട്ട സ്വതന്ത്ര കൂട്ടായ്മ (വിപ്ലവം, കല, ജനാധിപത്യം-വി.കെ.ജെ) പാനലിൽ നിന്ന് ലേഡി വൈസ് പ്രസിഡൻറായി ദേവിക ആർ. നായരും പി.യു.സിയായി അഖിൽ കുഞ്ഞുമോനും വിജയിച്ചു. ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ച അൽത്താഫ് എ. സലാമാണ് എസ്.എഫ്.ഐയുടെ ഏക ആശ്വാസം. എസ്.എഫ്.ഐയുടെ ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് 30 വർഷക്കാലത്തെ ഭരണം അവസാനിക്കാൻ കാരണമായതെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു. 1987ൽ കെ.എസ്.യു വിജയിച്ചിരുന്നു. പിന്നീട് 2008ലും 2009ലും ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. പിന്നീടിങ്ങോട് എസ്.എഫ്.ഐയുടെ കൈയിലായിരുന്നു യൂനിയൻ. എസ്.എഫ്.ഐക്കൊപ്പം പ്രവർത്തിച്ചിരുന്നവരാണ് വി.കെ.ജെ പാനലിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.