മൂവാറ്റുപുഴ: ഒഴുപാറ നിരപ്പ് യുവ ചാരിറ്റി, യുവ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്, യുവ എഫ്.സി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പോയാലിമല ഫെസ്റ്റ് ന്യൂ ഇയർ പ്രോഗ്രാമിന് തുടക്കമായി. പോയാലി മലക്ക് മുകളിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിൻ സിംഫണിയുടെ ഗാനമേളയോടെയാണ് ഫെസ്റ്റ് തുടക്കം കുറിച്ചത്.
ബുധനാഴ്ച വൈകിട്ട് എട്ടിന് പോയാലി മലയിൽ നടക്കുന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് 8.30 മുതൽ യുവ ചാരിറ്റി അവതരിപ്പിക്കുന്ന മൈം പ്രോഗ്രാമും നിർധനരായ ഏഴ് വ്യക്തികൾക്ക് യുവ ചാരിറ്റി നൽകുന്ന സഹായ വിതരണവും നടക്കും. രാത്രി ഗാനമേള, ഡി.ജെ അവതരണവും കരിമരുന്ന് പ്രയോഗവും നടക്കും. പോയാലി മലയുടെ പ്രകൃതി സൗന്ദര്യം വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയുന്ന നിലയിലാണ് ഫെസ്റ്റ് നഗരി ഒരുക്കിയിരിക്കുന്നത് മലക്ക് മുകളിലെ ലൈറ്റ് അറേജ്മെന്‍റാണ് മുഖ്യ ആകർഷണം.
മൂവാറ്റുപുഴ നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാത്രം അകലെ എം.സി റോഡിലെ പായിപ്ര കവലയിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പോയാലി മലയിൽ എത്താം. സമുദ്രനിരപ്പില്‍ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും മൊട്ടകുന്നുകളും നിറഞ്ഞ പ്രദേശമാണ്. അമ്പത് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഐതിഹ്യങ്ങൾ ഏറെയുളള മലയുടെ മുകളിലെ ഒരിക്കലും വറ്റാത്ത കിണറും കാൽ പാദങ്ങളുടെ അടയാളവു സദാ തഴുകി കടന്ന് പോകുന്ന ഇളം കാറ്റും സഞ്ചാരികളെ വിസ്മയിപ്പിക്കും. മല മുകളിൽ നിന്നാൽ ഉദയവും അസ്തമയവും മനോഹര കാഴ്ചയാണ്.
ഇവിടെ ഉണ്ടായിരുന്നു വെളളച്ചാട്ടം കരിങ്കൽ ഖനനം മൂലം അപ്രത്യക്ഷമായി. മലയിൽ എളുപ്പത്തിൽ എത്താവുന്ന രൂപത്തിൽ റോഡ്, റോപ് വേ, വ്യൂ പോയിന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയവ ഒരുക്കിയാൽ സഞ്ചാരികൾ ഒഴുകി എത്തും. മലമുകളിലെ അത്ഭുത കിണറും കാൽപാദ മുദ്രയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കല്ലിൽ ഗുഹാക്ഷേത്രത്തിന്‍റെ പൈതൃകം പേറുന്ന പോയാലിമല വിനോദ സഞ്ചാര കേന്ദ്രമാക്കാൻ ഏറ്റവും അനുയോജ്യ ഇടമാണ്.എല്ലാ രീതിയിലും ഒത്തിണങ്ങിയ പോയാലിമല ടൂറിസം പദ്ധതി നടപ്പിലായാൽ നിരവധി പേർക്ക് തൊഴിലും ഒരു നാടിന്‍റെ അവശേഷിക്കുന്ന തനതു പൈതൃകവും ചരിത്രവും നിലനിർത്താനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.