കാലമിനിയുമുരുളം വിഷു വരും വർഷം വരും തിരുവോണം വരും...'' കവിവചനങ്ങൾ പോലെ കാലം ഉരുണ്ടുകൊണ്ടേയിരിക്കുകയാണ്. എത്ര പെട്ടെന്നാണ് 2025 നമ്മെ കടന്നുപോയത്. ഒരു രാവു പുലർന്നതുപോലെ ഒരു വർഷത്തിന്‍റെ താൾ കൊഴിഞ്ഞുപോയി. സംഭവബഹുലമായിരുന്നു ഈ വർഷം. വേദനിപ്പിക്കുന്ന വേർപ്പാടുകളും നൊമ്പരപ്പെടുത്തുന്ന ദുരന്തങ്ങളും പ്രതീക്ഷയുടെ നല്ലവാർത്തകളുമെല്ലാം നമ്മെ തേടിയെത്തിയ കാലം. പ്രത്യാശയുടെ 2026ലേക്ക് ലോകം കൺതുറക്കാനിരിക്കുമ്പോൾ 2025ലേക്ക് ഒരു തിരിഞ്ഞുനോട്ടം.
മെയ് 24ന് ഉച്ചക്ക് 1.25ഓടെയാണ് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം.എസ്.സി എല്‍സ-3 എന്ന ചരക്കു കപ്പൽ കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് ഭാഗത്തുവെച്ച് 26 ഡിഗ്രി ചരിഞ്ഞ് അപകടത്തിൽപെട്ടത് ഏറെ ഞെട്ടലോടെയാണ് നാടറിഞ്ഞത്. രാത്രിയോടെ കപ്പലിന്‍റെ അവസ്ഥ മോശമാവുകയും പിറ്റേദിവസം രാവിലെ കപ്പല്‍ മറിയുകയുമായിരുന്നു. നാവികസേന, കോസ്റ്റ്ഗാർഡ്, തുടങ്ങിയവർ ചേർന്നാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. നാളുകളോളം തീരമേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. ഇതിന്‍റെ ചൂടാറും മുമ്പേ ജൂൺ ഒമ്പതിന് കോഴിക്കോട് തീരത്തിനടുത്ത് സിംഗപ്പൂർ കപ്പലിൽ വൻതീപിടിത്തമുണ്ടാവുന്നത്. ഇതും നാടിനെയൊന്നാകെ മുൾമുനയിലാക്കി.
ലോകം നടുങ്ങിയ പഹൽഗാം ഭീകരാക്രമണത്തിൽ ഇടപ്പള്ളി സ്വദേശിയായ എൻ. രാമചന്ദ്രന്‍റെ ജീവൻ പൊലിഞ്ഞത് 2025ന്‍റെ വേദനയായി അവശേഷിക്കുന്നു. ഏപ്രിൽ 22ന് കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തിയ ഇദ്ദേഹത്തെ അക്രമികൾ വെടിവെച്ചുകൊല്ലുകയായിരുന്നു. മകളുടെയും കൊച്ചുമക്കളുടെയും മുന്നിൽവെച്ചാണ് അദ്ദേഹത്തെ വധിച്ചത്.
രാജ്യം ഉറ്റുനോക്കിയ, നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ഏറെ ചർച്ചയായി. ഡിസംബർ എട്ടിനായിരുന്നു ഇത്. ഒന്നുമുതൽ ആറുവരെ പ്രതികൾക്കാണ് എറണാകുളം ജില്ല സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. വിധിയിൽ നിരാശ പ്രകടിപ്പിച്ച് അതിജീവിത രംഗത്തെത്തിയതും നിരവധി പേർ പിന്തുണ പ്രഖ്യാപിച്ചതും നാം കണ്ടു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കും 20 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.
എറണാകുളം ജില്ല വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കടന്നുപോയത് ഡിസംബർ ഒമ്പതിനായിരുന്നു. 13ന് തെരഞ്ഞെടുപ്പ് ഫലം വന്നു. കൊച്ചി കോർപറേഷൻ, ജില്ല പഞ്ചായത്ത്, 11 നഗരസഭകൾ, 12 ബ്ലോക്കുകൾ, ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകൾ എന്നിവ നേടി യു.ഡി.എഫിന്‍റെ സമഗ്രാധിപത്യം. അഡ്വ.വി.കെ. മിനിമോൾ കൊച്ചി കോർപറേഷൻ മേയറായും കെ.ജി. രാധാകൃഷ്ണൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു.
സ്വർണ വില ഒരു ലക്ഷം കടന്നത് നെഞ്ചിടിപ്പോടെയാണ് സാധാരണക്കാർ കേട്ടത്. ഡിസംബർ 23നായിരുന്നു സ്വർണം ചരിത്ര വിലയിലെത്തി നിന്നത്. അതിനുശേഷവും സ്വർണവിലയിൽ വർധനവുണ്ടായികൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റകുറച്ചിലുകളാണ് വില വർധനവിനു കാരണം.
രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്‍റെ ഹൃദയം, അനാഥ കൂടിയായ നേപ്പാൾ സ്വദേശിനി ദുർഗാ കാമിയിൽ തുന്നിപ്പിടിപ്പിച്ചപ്പോൾ പിറന്നത് പുതുചരിത്രമാണ്. ഡിസംബർ 22നായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സർക്കാർ വകുപ്പുകളെല്ലാം കൈകോർത്തതോടെയാണ് ദൗത്യം സാധ്യമായത്.
കൊച്ചി കോർപറേഷൻ പുതിയ ആസ്ഥാന മന്ദിരം ഒക്ടോബർ 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. മറൈൻഡ്രൈവിൽ ഗോശ്രീ പാലത്തിനടുത്ത് അബ്ദുൽ കലാം മാർഗിനോടുചേർന്നുള്ള ഒന്നരയേക്കറിലാണ് പുതിയ ആസ്ഥാനമന്ദിരം. ജനങ്ങൾക്കും ജീവനക്കാർക്കും എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉറപ്പാക്കി 1,75,930 ചതുരശ്ര അടിയിലാണ് മന്ദിരം നിർമിച്ചിരിക്കുന്നത്. രണ്ടുപതിറ്റാണ്ടിലേറെ കാലം നിർമാണം പൂർത്തിയാക്കാനായി എടുത്ത കെട്ടിടം മേയർ എം. അനിൽകുമാറിന്‍റെ കാലയളവിലാണ് പൂർത്തിയായത്.
ചികിത്സാർഥം സിനിമയിൽ നിന്ന് താൽക്കാലിക ഇടവേളയെടുത്ത് വിദേശത്തായിരുന്ന മലയാളത്തിന്‍റെ സൂപ്പർതാരം മമ്മൂട്ടി തിരിച്ച് കൊച്ചിയിലെത്തിയത് സിനിമ ലോകവും ആരാധകരും ആഘോഷമാക്കി. ഒക്ടോബർ 30ന് കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാൻ മന്ത്രി എം.ബി രാജേഷ് അടക്കമുള്ളവർ എത്തിയിരുന്നു.
ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ പെട്ട് മലയാളത്തിലെ മുൻനിര താരങ്ങളും. പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ എന്നിവരുടെ കൊച്ചിയിലെ വസതികളിലാണ് സെപ്തംബർ 23ന് മണിക്കൂറുകൾ നീളുന്ന പരിശോധന നടത്തിയത്. ഓപ്പറേഷൻ നുംഖോർ എന്ന പേരിലായിരുന്നു പരിശോധന. പിന്നീട് ഇ.ഡിയുൾപ്പെടെ വിഷയത്തിലുൾപ്പെട്ടു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോ അറസ്റ്റിലായത് ഏപ്രിൽ 19നാണ്. കൊച്ചിയിലെ ഹോട്ടലിൽ സിറ്റി പൊലീസ് ഡാൻസാഫ് സംഘം പരിശോധനക്കെത്തിയപ്പോൾ ഷൈൻ ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് സ്റ്റേഷനിൽ വന്ന് ഹാജരായ നടനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് വിൽപ്പനശൃംഖല ‘കെറ്റാമെലോൺ’ തകർത്ത് നാർക്കോട്ടിക് കൺട്രോൺ ബ്യൂറോ (എൻ.സി.ബി), മുഖ്യസൂത്രധാരനും മയക്കുമരുന്ന് വിൽപനക്കാരനുമായ മൂവാറ്റുപുഴ സ്വദേശി എഡിസണെ പിടികൂടിയത് ജൂലൈ ഒന്നിനാണ്. ഡാർക്ക്‌നെറ്റ് വഴിയുള്ള മയക്കുമരുന്ന് ഇടപാടിൽ ഡിയോൾ, അഞ്ജു ദമ്പതികളെയും നാർകോട്ടിക് കൺട്രോൾ ബ്യൂറോ - (എൻ.സി.ബി) അറസ്‌റ്റ് ചെയ്തു.
‘മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പ് കേസിൽ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ മരട് പൊലീസ് ജൂലൈ ഏഴിന് ചോദ്യംചെയ്‌തു. മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ച് പ്രതികൾ തന്നിൽനിന്ന് ഏഴ് കോടി രൂപ കൈപറ്റിയെന്നും ലാഭവിഹിതമോ മുതല്‍മുടക്കോ നൽകാതെ വഞ്ചിച്ചു എന്നുമുള്ള അരൂർ സ്വദേശിയുടെ പരാതിയിലായിരുന്നു കേസ്.
മലയാള ചലചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ചരിത്രത്തിലാദ്യമായി പ്രസിഡൻറ്, ജനസെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 15ന് നടന്ന തെരഞ്ഞെടുപ്പിൽ ശ്വേത മേനോൻ പ്രസിഡൻറും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായി. നടിയെ ആക്രമിച്ച കേസിെൻറ തുടർച്ചയായി ഉയർന്നു വന്ന നിരവധി വിവാദങ്ങൾക്കിടെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
ജില്ലയുടെ പുതിയ കലക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റത് ആഗസ്‌റ്റ് ഏഴിനാണ്. പാലക്കാട് കലക്ടർ സ്ഥാനത്തുനിന്ന് എറണാകുളത്തെത്തിയ ഇവർ കർണാടക സ്വദേശിയും 2017 ബാച്ച് ഐ.എ.എസുകാരിയുമാണ്. മുൻകലക്ടർ എൻ.എസ്.കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറായി പോയതിനു പിന്നാലെയാണ് പ്രിയങ്ക ചുമതലയേറ്റത്.
ഒക്ടോബർ 10ന് മുനമ്പത്തെ തർക്കഭൂമി വഖഫ് ഭൂമിയല്ലെന്ന് ഹൈകോടതി നടത്തിയ നിരീക്ഷണം ഏറെ വാർത്താപ്രാധാന്യമുള്ളതായിരുന്നു. ഈ ഭൂമി സംബന്ധിച്ച അന്വേഷണത്തിന് നിയോഗിച്ച സി.എൻ രാമചന്ദ്രൻ നായർ ജുഡീഷ്യൽ കമീഷൻ പ്രവർത്തനം തുടരാനനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് വഖഫ് ഭൂമിയിലെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകളിൽ ഈ നിരീക്ഷണമുണ്ടായത്.
വഖഫ് വിവാദത്തെ തുടർന്ന് ഭൂമിയിൽ അവകാശം തേടി നിരവധി കുടുംബങ്ങൾ മാസങ്ങളോളം നീണ്ടുനിന്ന സമരവും ഇവിടെ നടത്തി. ആഴ്ചകൾക്കു മുമ്പാണ് അവസാനിപ്പിച്ചത്.
പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിൽ ശിരോവസ്ത്ര വിലക്കും തുടർന്നുണ്ടായ സംഭവവികാസങ്ങളും കാരണം എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയും സഹോദരനും സ്കൂൾ മാറിപ്പോവുന്ന സാഹചര്യമുണ്ടായത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്.
സ്കൂളിൽ കുട്ടിയെ ഹിജാബ് അണിയാൻ അനുവദിക്കാതിരുന്ന അധികൃതർ പിന്നീട് ഈ വിഷയം പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പെൺകുട്ടിക്ക് പിന്തുണയുമായി എത്തി. ഹൈകോടതി വരെ വിഷയത്തിലിടപെട്ടിരുന്നു. എന്നാൽ മാനസിക സംഘർഷം മൂലം പിന്നീട് വിദ്യാർഥിനി സ്കൂൾ മാറേണ്ട സ്ഥിതിയായി.
അർജൻറീനൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലെത്തുമെന്ന് കായികവകുപ്പും സ്പോൺസർമാരും പലവട്ടം പ്രഖ്യാപനം നടത്തുകയും പിന്നാലെ പിൻവലിക്കുകയും ചെയ്തത് 2025ലെ കായിക ചരിത്രത്തിലെ കറുത്ത ഏടായി. ഒടുവിൽ മെസ്സി വന്നു, കേരളത്തിലല്ലെന്നു മാത്രം. മെസ്സിയുടെ ഇല്ലാത്ത വരവിനോടനുബന്ധിച്ച് നിരവധി വിവാദങ്ങളാണ് കൊച്ചിയിൽ പുകഞ്ഞത്. ഇതിനിടെ സ്പോൺസർമാർ സ്റ്റേഡിയം നവീകരിച്ചതുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.