ഫോർട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കിയപ്പോൾ
കൊച്ചി: പുതുവർഷാഘോഷങ്ങളുടെ ആവേശത്തിൽ കൊച്ചി നഗരം. ചരിത്രപ്രസിദ്ധമായ ഫോർട്ട് കൊച്ചി കാർണിവലിലും പപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങിലും പങ്കുചേരാൻ ആയിരക്കണക്കിന് ആളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. ബുധനാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച ജനപ്രവാഹം അർധരാത്രി പിന്നിടും വരെ നഗരത്തെ തിരക്കിലാഴ്ത്തി.
ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫോർട്ട് കൊച്ചിയിലേക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയുടെ ഇതര പ്രദേശങ്ങളിൽ നിന്നും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ബുധനാഴ്ച ഉച്ചയോടെ തന്നെ ഫോർട്ട് കൊച്ചിയിലേക്കുള്ള എല്ലാ വഴികളും സജീവമായിരുന്നു. സ്വന്തം വാഹനങ്ങളിൽ എത്തിയവർക്ക് പുറമെ, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ബോട്ട് സർവിസുകൾ എന്നിവയെല്ലാം യാത്രക്കാരെക്കൊണ്ട് നിറഞ്ഞു. ഫോർട്ട് കൊച്ചിയിലേക്കുള്ള ഫെറി സർവിസുകളിലും ഇരട്ടിയിലധികം ആളുകളാണ് എത്തിയത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മെട്രോയെ ആശ്രയിച്ചവരും കുറവല്ല. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കുന്നതിനായി യാത്രക്കാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ അധികൃതർ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും പലയിടങ്ങളിലും പൊലീസിനും സെക്യൂരിറ്റി ജീവനക്കാർക്കും ഏറെ പ്രയത്നിക്കേണ്ടി വന്നു.
പുതുവത്സര തിരക്ക് നഗരത്തിലെ വ്യാപാര മേഖലക്കും വലിയ ഉണർവ് നൽകി. ബ്രോഡ്‌വേ, എം.ജി റോഡ് തുടങ്ങിയ പ്രധാന കച്ചവട കേന്ദ്രങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. തുണിത്തരങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയുടെ വിപണനത്തിൽ വൻ വർധനവാണ് ഉണ്ടായത്. പുതുവത്സര വിപണിയിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരമാണ് നടന്നത്.
ആഘോഷങ്ങൾക്കായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയുടെ ഇതര പ്രദേശങ്ങളിൽ നിന്നും ആളുകൾ എത്തിയതോടെ നഗരം ഗതാഗതക്കുരുക്കിൽ അമർന്നു. പ്രധാന റോഡുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാൻ കഴിഞ്ഞത്. രാത്രി ഏറെ വൈകിയും ഈ അവസ്ഥ തുടർന്നത് യാത്രക്കാരെ വലച്ചു. പ്രധാന ജങ്ഷനുകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയായിരുന്നു.
പലയിടങ്ങളിലും പൊലീസ് ഗതാഗതം വഴിതിരിച്ചുവിട്ടെങ്കിലും തിരക്കിന് കുറവുണ്ടായില്ല. ജില്ല ഭരണകൂടവും പൊലീസും കർശന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതിനാൽ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ കൊച്ചി നഗരം പുതിയ വർഷത്തിലേക്ക് ചുവടുവെച്ചു.
ഫോർട്ട് കൊച്ചി: പുതുവർഷത്തെ വരവേറ്റ് കൊച്ചി. പതിനായിരങ്ങളെ സാക്ഷിയാക്കി പോയ വർഷത്തിന്‍റെ പ്രതീകമായി നിർമിച്ച പപ്പാഞ്ഞികൾ എരിഞ്ഞമർന്നു. സഞ്ചാരികളും നാട്ടുകാരും ഇവക്ക് ചുറ്റും ചുവട് വെച്ച് ആനന്ദ നൃത്തമാടി. ഇത്തവണ പ്രധാനമായും രണ്ട് പപ്പാഞ്ഞികളെ ഒരുക്കിയിരുന്നു. കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായ ഒദ്യോഗിക പപ്പാഞ്ഞിയെ ഫോർട്ട് കൊച്ചി പരേഡ് മൈതാനത്താണ് ഒരുക്കിയത്. 50 അടി ഉയരത്തിലായിരുന്നു ഈ പപ്പാഞ്ഞിയെ നിർമിച്ചത്.
പുതുവർഷ പുലരിയിലേക്ക് കടന്ന വേളയിൽ മേയർ മിനിമോൾ പപ്പാഞ്ഞിക്ക് തീകൊളുത്തി. ഈ സമയത്ത് തന്നെ കൊച്ചി തുറമുഖത്തും വല്ലാർപാടം ടെർമിനലിലും ബെർത്ത് ചെയ്തിരുന്ന കപ്പലുകളിൽനിന്നും പുറംകടലിൽ നങ്കൂരമിട്ട് കിടന്നിരുന്ന കപ്പലുകളിൽനിന്നും പുതുവർഷ വരവ് അറിയിച്ചുള്ള സൈറൺ മുഴക്കി. പപ്പാഞ്ഞി കത്തുമ്പോൾ കരിമരുന്ന് പ്രയോഗം ആരംഭിച്ചു. ഫോർട്ട് കൊച്ചി വെളി മൈതാനത്ത് 55 അടി ഉയരത്തിൽ നിർമിച്ച ഇറ്റാലിയൻ മോഡൽ പപ്പാഞ്ഞിക്ക് സിനിമതാരം വിനയ് ഫോർട്ട് തിരികൊളുത്തി.
കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ വിവിധ ആകൃതിയിൽ നിർമിച്ച നൂറുകണക്കിന് പപ്പാഞ്ഞികൾ സംഘാടകർ അഗ്നിക്കിരയാക്കി. മൂന്ന് ലക്ഷത്തോളം പേർ ഫോർട്ട് കൊച്ചിയിൽ എത്തിയതായാണ് അനൗദ്യോഗിക കണക്ക്. പുതുവത്സര പരിപാടികൾ കഴിഞ്ഞ് തിരിച്ച് പോകാൻ റോ-റോ അടക്കമുള്ള പൊതുയാത്ര സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഇവയുടെ പോരായ്മ മൂലം ജനം ബുദ്ധിമുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.