മൂവാറ്റുപുഴ: ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ ഇടതടവില്ലാതെ റോഡിലിറങ്ങിയതോടെ നഗരം ഗതാഗത കുരുക്കിൽ. ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തത് കുരുക്ക് രൂക്ഷമാകാൻ കാരണമായി. ഏഴ് ദിവസമായി രാവിലെ ആരംഭിക്കുന്ന കുരുക്ക് രാത്രി വൈകിയും തുടരുകയാണ്. എം.സി റോഡിൽ പായിപ്ര കവലയിൽ നിന്നാരംഭിക്കുന്ന കുരുക്ക് മൂലം വാഹനങ്ങൾ നഗരം കടക്കാൻ മണിക്കൂറുകളാണ് എടുക്കുന്നത്. എം.സി റോഡിൽ പായിപ്ര കവല മുതൽ പി.ഒ വരെയും കൊച്ചി-ധനുഷ്കോടി റോഡിൽ കടാതി മുതൽ ചാലിക്കടവ് വരെയും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഒരാഴ്ചയായി അനുഭവപ്പെടുന്നത്.
ക്രിസ്മസ്-പുതുവത്സര തിരക്കാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ശബരിമല ഡ്യൂട്ടിക്കായി പൊലീസ് ഉദ്യോഗസ്ഥർ പോയതോടെ മൂവാറ്റുപുഴ സ്റ്റേഷനിൽ പൊലീസുകാർ ഇല്ലാത്തതിനാൽ ഗതാഗത നിയന്ത്രണത്തിനായി പ്രധാന റോഡുകളിൽ പോലും ആളില്ലാത്ത സ്ഥിതിയാണ്. എം.സി റോഡിലും ദേശീയപാതയിലും ഗതാഗതം കുരുങ്ങുന്നതിനൊപ്പം നഗരത്തിലെ ഇ.ഇ.സി മാർക്കറ്റ് റോഡ്, ചാലിക്കടവ് റോഡ്, കിഴക്കേക്കര റോഡ് എന്നിവിടങ്ങളിലും ഗതാഗതം കുരുങ്ങുകയാണ്. ഉപറോഡുകളുടെ സ്ഥിതിയും ഭിന്നമല്ല.
ആംബുലൻസുകൾ പോലും കുരുക്കിൽപെടുന്ന സാഹചര്യമാണ്. വാഴപ്പിള്ളി മുതൽ നെഹ്റു പാർക്ക് വരെയാണ് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. കൊച്ചി-ധനുഷ്കോടി റോഡിൽ നിന്നും ഇ.ഇ.സി മാർക്കറ്റ് റോഡിൽ നിന്നുൾപ്പെടെ വാഹനങ്ങൾ എം.സി റോഡിലേക്ക് പ്രവേശിക്കുന്നതോടെയാണ് കുരുക്ക് നീളുന്നത്.
ട്രാഫിക് പൊലീസ് ഗാർഡുമാർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും കുരുക്കഴിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കീച്ചേരിപ്പടി കവല കടക്കാൻ വാഹനങ്ങൾ അരമണിക്കൂറാണ് എടുക്കുന്നത്. അത്ര മാത്രം തിരക്കാണ് കോതമംഗലം റോഡിൽ അനുഭവപ്പെടുന്നത്. നഗര റോഡ് വികസനം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞെങ്കിലും കുരുക്ക് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല.
എം.സി റോഡിലെ നഗര കവാടമായ പായിപ്ര കവലയിലും വാഴപ്പിള്ളിയിലും വെള്ളൂർക്കുന്നം ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിലും ദേശീയ പാതയിൽ കീച്ചേരിപ്പടിയിലും ചാലിക്കടവ് കവലയിലുമാണ് അടിയന്തിരമായി സിഗ്നൽ സംവിധാനം ഒരുക്കേണ്ടത്. തിരക്കേറിയ ചെറുവട്ടൂർ റോഡ് എം.സി റോഡുമായി സന്ധിക്കുന്ന പായിപ്ര കവലയിൽ എം.സി റോഡിലേക്ക് വരുന്നതും എം.സി റോഡിൽ നിന്നും ചെറുവട്ടൂർ റോഡിലേക്ക് പോകുന്നതുമായ വാഹനങ്ങൾ ഒരു മാനദണ്ഡവും പാലിക്കാതെ തലങ്ങും വിലങ്ങും കടന്നുപോകുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
വാഴപ്പിള്ളിയിൽ കാക്കനാട് റോഡിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത കടന്നുകയറ്റമാണ് കുരുക്കിന് മറ്റൊരു കാരണം. ഇ.ഇ.സി മാർക്കറ്റ് കവലയിലും കീച്ചേരിപ്പടിയിലും ചാലിക്കടവ് ജങ്ഷനിലും ഇതാണ് സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.