ടാ​റ്റാ യൂ​നി​യ​ൻ സ്വ​ത്തു​ക്ക​ൾ ചി​ല​ർ കൈ​യ​ട​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം

കൊച്ചി: ടാറ്റാ യൂനിയൻ സ്വത്തുക്കൾ കുടുംബ സ്വത്താക്കുന്നതിനെതിരെ ടാറ്റാ ഒായിൽ മിൽസ് റിട്ട. എംപ്ലോയീസ് യൂനിയൻ 78ാമത് വാർഷിക ദിനത്തിൽ മുൻ അംഗങ്ങൾ പ്രതിഷേധ ധർണ നടത്തും. ചിറ്റൂർ കണ്ണച്ചൻ തോട് ജങ്ഷനിൽ യൂനിയന് സ്വന്തമായുള്ള 17 സെൻറ് സ്ഥലവും 4000ൽ പരം ഖന അടി കെട്ടിടവും ജീവനക്കാർ തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. 1949 മുതൽ 1989 വരെ കാലയളവിൽ കമ്പനിയിൽ തൊഴിലെടുത്തിരുന്ന തൊഴിലാളികളിൽ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് ഇൗ ആസ്തികൾ യൂനിയൻ സ്വന്തമാക്കിയത്. 1993ൽ പഴയ ടോംകോ, ഹിന്ദുസ്ഥാൻ ലീവർ കമ്പനിയിൽ ലയിച്ചതിനെ തുടർന്ന് തൊഴിൽശാല ഹിന്ദുസ്ഥാൻ ലീവറിേൻറതായി. തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ലയന സമയത്ത് 1300 തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇന്ന് 91പേർ മാത്രമാണ് ഉള്ളത്. 2011ൽ കമ്പനിയിൽ അവശേഷിച്ചിരുന്ന 150 പേർ ചേർന്ന് കോടികൾ വിലമതിക്കുന്ന യൂനിയൻ വക ആസ്തികൾ വിറ്റ് വീതിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. വിരമിച്ച തൊഴിലാളികൾ പ്രതിഷേധിച്ചതിനാൽ വിൽപനയും പങ്കുവെപ്പും നടത്താനായില്ല. ഇതേത്തുടർന്നാണ് സർവിസിലുള്ള തൊഴിലാളികൾ മറ്റൊരു ഉപായവുമായി രംഗത്തുവന്നിരിക്കുന്നതെന്ന് മുൻ അംഗങ്ങൾ ആരോപിച്ചു. സർവിസിൽ അവശേഷിക്കുന്നവർ ചേർന്ന് രൂപവത്കരിക്കുന്ന ഒരു ട്രസ്റ്റിന് യൂനിയൻ ആസ്തികൾ കൈമാറുകയാണ് ലക്ഷ്യം. വിൽപന നടത്താനായില്ലെങ്കിലും മൂന്ന് തലമുറകളിൽപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്കും ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിനും അവകാശപ്പെട്ട കോടികൾ വില മതിക്കുന്ന ആസ്തികൾ 91പേരുടെ കുടുംബ സ്വത്താക്കി മാറ്റാനാണ് ശ്രമമെന്നും അസോസിയേഷൻ ആരോപിച്ചു. കണ്ണച്ചൻ തോട് ജങ്ഷനിൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന പ്രതിഷേധ ധർണ കെ.ആർ. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ ട്രേഡ് യൂനിയൻ പ്രവർത്തകർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.