ആലുവ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊച്ചിയിൽ യാഥാര്‍ഥ്യമായ മെട്രോയിൽ ആദ്യയാത്ര നടത്തുന്നതിെൻറ ആവേശത്തിലായിരുന്നു എല്ലാവരും. മെട്രോ പൊതുജനങ്ങൾക്ക് യാത്രക്കായി തുറന്നുകൊടുത്ത തിങ്കളാഴ്ച പുലർച്ചതന്നെ ആദ്യയാത്രക്കായി നിരവധിപേരാണെത്തിയത്. രാവിലെ ആറുമണിക്കാണ് ആലുവയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ സര്‍വിസ് തുടങ്ങുന്നത്. അഞ്ചരയോടെയാണ് സ്‌റ്റേഷന്‍ തുറന്നത്. എന്നാല്‍, നാലുമണി മുതല്‍ തന്നെ നൂറുകണക്കിനാളുകള്‍ സ്‌റ്റേഷനു വെളിയില്‍ എത്തിയിരുന്നു. ഗേറ്റ് തുറന്നതോടെ ആദ്യം യാത്ര ചെയ്യണമെന്ന ആഗ്രഹത്താല്‍ ഏവരും സ്‌റ്റേഷനില്‍ കയറിപ്പറ്റി. ആദ്യ സര്‍വിസ് മുതല്‍ വന്‍ തിരക്കാണ് ആലുവയിലും സമീപസ്‌റ്റേഷനുകളിലും അനുഭവപ്പെട്ടത്. പ്രതീക്ഷിച്ചതിൽ കൂടുതല്‍ ആളുകള്‍ എത്തിയിരുന്നെങ്കിലും കാര്യമായ ഗതാഗതക്കുരുക്ക് നഗരത്തിലോ ദേശീയപാതയിലോ അനുഭവപ്പെട്ടില്ല. തിരക്കേറിയ ബൈപാസ് കവലയിലാണ് മെട്രോ സ്‌റ്റേഷന്‍ സ്‌ഥിതിചെയ്യുന്നത്. അതിനാല്‍ മെട്രോ ഓടിത്തുടങ്ങുമ്പോള്‍ കുരുക്ക് രൂക്ഷമാകുമെന്ന ഭയം ട്രാഫിക് പൊലീസ് അടക്കമുള്ളവര്‍ക്ക് ഉണ്ടായിരുന്നു. നഗരത്തില്‍ പാര്‍ക്കിങ് സൗകര്യം കുറവായതിനാല്‍ കാറുകളും മറ്റും പാതയോരങ്ങളിലാണ് പാര്‍ക്ക് ചെയ്യാറുള്ളത്. ഇതും ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകാറുണ്ട്. അതിനാല്‍ത്തന്നെ, മെട്രോയില്‍ യാത്രക്കാരുടെ കാറുകള്‍ കൂടിയാകുമ്പോള്‍ പ്രശ്‌നം സങ്കീര്‍ണമാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് റൂറല്‍ എസ്.പി പ്രത്യേക നിയന്ത്രണങ്ങള്‍ മെട്രോ പരിസരത്തും നഗരത്തിലും ആവിഷ്‌കരിച്ചിരുന്നു. ബൈപാസില്‍ തിങ്കളാഴ്ച പുലര്‍ച്ച 5.30 മുതലാണ് നിയന്ത്രണം ആരംഭിച്ചത്. മെട്രോയില്‍ കയറാന്‍ എത്തുന്നവര്‍ സ്വന്തം വാഹനം ഒഴിവാക്കി പൊതുവാഹനങ്ങളെ ആശ്രയിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതോടനുബന്ധിച്ച് നഗരത്തിലും ദേശീയപാതയോരത്തും വാഹന പാർക്കിങ് നിരോധിക്കുകയും ചെയ്തു. ഭൂരിഭാഗം യാത്രക്കാരും ഇതനുസരിച്ചതായാണ് കണക്കാക്കുന്നത്. മെട്രോയുമായി ബന്ധപ്പെട്ട് കാര്യമായ വാഹനപാര്‍ക്കിങ്ങോ കുരുക്കോ എവിടെയും അനുഭവപ്പെട്ടിരുന്നില്ലെന്ന് ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഓട്ടോറിക്ഷകള്‍ക്കും ടാക്‌സികള്‍ക്കും യാത്രക്കാരെ സ്‌റ്റേഷനില്‍ ഇറക്കാനുള്ള അനുമതി മാത്രമാണ് നൽകിയിരുന്നത്. ഗതാഗതനിയന്ത്രണത്തിനായി വനിത പൊലീസടക്കം 60 ഉദ്യോഗസ്‌ഥരെ നിയമിച്ചിരുന്നു. സി.ഐ വിശാല്‍ ജോണ്‍സണ്‍, പ്രിന്‍സിപ്പല്‍ എസ്.ഐ കേഴ്‌സന്‍, ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.