ഉളിയന്നൂര്‍-മെഡിക്കല്‍ കോളജ് റൂട്ടില്‍ ബസ് സര്‍വിസ് ആരംഭിക്കണം ആലുവ: ഉളിയന്നൂര്‍-മെഡിക്കല്‍ കോളജ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യമുയരുന്നു. ആലുവ നഗരത്തോട് ചേര്‍ന്നുകിടക്കുന്നതും പെരിയാറിനാല്‍ ചുറ്റപ്പെട്ടതുമായ ഗ്രാമമാണ് ഉളിയന്നൂര്‍. എന്തിനും ഏതിനും ഗ്രാമീണർക്ക് നഗരത്തിൽ എത്തേണ്ടതുണ്ട്. എന്നാൽ, ഗ്രാമത്തെയും നഗരത്തെയും ബന്ധിപ്പിച്ച് ബസ് സർവിസില്ല. ഓട്ടോയാണ് ഇവരുടെ ഏക ആശ്രയം. കൂലിപ്പണിക്കാരും സാധാരണ തൊഴിൽ ചെയ്യുന്നവരുമാണ് ഗ്രാമീണരിൽ ഏറെയും. ദിവസവും ഓട്ടോയിൽ സഞ്ചരിക്കാനുള്ള സാമ്പത്തികശേഷി ഇവർക്കില്ല. ദ്വീപിലേക്കും മറുകരയായ ഏലൂക്കരയെയും ബന്ധിപ്പിച്ച പാലം നിർമിച്ചിട്ട് വർഷങ്ങളായെങ്കിലും ബസ് സർവിസ് ആരംഭിക്കാൻ നടപടിയായിട്ടില്ല. ഗ്രാമത്തെയും നഗരത്തെയും ബന്ധിപ്പിച്ച് കളമശ്ശേരിയിലെ മെഡിക്കല്‍ കോളജിലേക്ക് ബസ് സർവിസ് ആരംഭിച്ചാല്‍ ജനങ്ങള്‍ക്കത് ഏറെ പ്രയോജനപ്രദമാകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുമുണ്ട്. ആലുവ മെട്രോ സ്‌റ്റേഷനില്‍നിന്ന് കുറച്ച് പടിഞ്ഞാറുഭാഗത്തായുള്ള ഗ്രാമത്തിൽ പെരുന്തച്ചന്‍ നിർമിച്ച ശിവക്ഷേത്രവും പ്രശസ്തമായ മാടത്തിലപ്പന്‍ ക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രങ്ങളിലേക്ക് വിവിധ സ്ഥലങ്ങളിൽനിന്ന് ധാരാളം ആളുകള്‍ വരാറുണ്ട്. അവർക്കും സർവിസ് ഗുണം ചെയ്യും. ഗ്രാമത്തെയും നഗരത്തെയും ബന്ധിപ്പിച്ച് ബസ് സർവിസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി ബ്ലോക്ക് പ്രസിഡൻറ് രാജു തോമസും സംസ്‌ഥാന കമ്മിറ്റി അംഗം ശിവരാജ് കോമ്പാറയും ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി. കലായാത്ര സമാപനം ആലുവ: ശുചിത്വബോധന യജ്ഞം കലായാത്രയുടെ സമാപന സമ്മേളനം തേവക്കല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. രാജഗിരി സഹൃദയ സര്‍വിസ് ആൻഡ് ചാരിറ്റീസ് ചെയര്‍മാന്‍ ഫാ. മാത്യു കിരിയാന്തന്‍ ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻറ് അബ്‌ദുൽ നസീര്‍ അധ്യക്ഷത വഹിച്ചു. ജോഷി വര്‍ഗീസ് ശുചിത്വസന്ദേശം നൽകി. പി.എല്‍. ഫ്രാന്‍സിസ്, ജിജോ തോമസ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എസ്. അബൂബക്കര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.