കൊച്ചി നഗരസഭയിലെ ഭരണകക്ഷി ഭിന്നത: ലീഗിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ചക്കൊരുങ്ങി കോണ്‍ഗ്രസ്

കൊച്ചി: കൊച്ചി നഗരസഭയില്‍ ഇടഞ്ഞുനില്‍ക്കുന്ന മുസ്ലിംലീഗിനെ മെരുക്കാന്‍ കോണ്‍ഗ്രസ് വീണ്ടും തയാറെടുക്കുന്നു. ഇതിന്‍െറ ഭാഗമായി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചര്‍ച്ചനടക്കും. നഗരസഭയിലെ യു.ഡി.എഫ് പ്രതിസന്ധി പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ജില്ല നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. നഗരസഭയില്‍ ഭരണകക്ഷികള്‍ക്കിടയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇതിനകം നടന്ന ചര്‍ച്ചകള്‍ അലസിയിരുന്നു. അവസാനയോഗം ലീഗ് ബഹിഷ്കരിച്ചു. ശനിയാഴ്ച ഡി.സി.സി ഓഫിസില്‍ സംഘടിപ്പിച്ച യു.ഡി.എഫ് ജനറല്‍ കൗണ്‍സില്‍ യോഗവും ലീഗ് ബഹിഷ്കരിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും വിളിച്ചു. ജില്ല ലീഗ് നേതാക്കളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്നാണ് ജില്ല പ്രസിഡന്‍റ് എം.പി. അബ്ദുല്‍ഖാദര്‍ ഉള്‍പ്പെടെ ചില നേതാക്കള്‍ പങ്കെടുത്തത്. ലീഗ് വിട്ടുനിന്നതോടെ നഗരസഭ പ്രശ്നത്തിന്‍െറ ചൂട് കോണ്‍ഗ്രസ് നേതൃത്വത്തിനും ബോധ്യമായി. ശനിയാഴ്ച വൈകീട്ട് ഡി.സി.സി പ്രസിഡന്‍റ് ടി.ജെ. വിനോദ് ലീഗ് കൗണ്‍സിലര്‍മാരുമായും മറ്റു നേതാക്കളുമായും ചര്‍ച്ച നടത്തി. എന്നാല്‍, മേയറെ മാറ്റണമെന്ന നിലപാട് ഇവര്‍ ആവര്‍ത്തിച്ചു. ഇതത്തേുടര്‍ന്നാണ് പ്രശ്നം പരിഹരിക്കാന്‍ വീണ്ടും ശ്രമം നടത്തുന്നത്. ഇതിന്‍െറ ഭാഗമായാണ് ചര്‍ച്ച. എന്നാല്‍, തങ്ങളുടെ നിലപാടില്‍ മാറ്റമില്ളെന്ന് മുസ്ലിംലീഗ് പറയുന്നു. തങ്ങളുമായി സഹകരിക്കാത്ത മേയറുമായി തങ്ങള്‍ക്കും സഹകരിക്കാനാവില്ളെന്ന് ലീഗ് ആവര്‍ത്തിക്കുന്നു. എപ്രകാരമെങ്കിലും ലീഗിനെ തണുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതേസമയം, സൗമിനി ജയിനെ മേയര്‍ പദവിയില്‍നിന്ന് മാറ്റണമെന്ന അഭിപ്രായത്തോട് കോണ്‍ഗ്രസ് നേതൃത്വം യോജിക്കുന്നില്ല. പരിക്കില്ലാതെ പ്രശ്നം പരിഹരിക്കാനുള്ള ഞാണിന്മേല്‍കളിയാണ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.