ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ സര്‍വിസ് നിര്‍ത്തിവെക്കല്‍: മത്സ്യമേഖലക്ക് ആശങ്ക

വൈപ്പിന്‍: റോ - റോ ജങ്കാര്‍ ജെട്ടിയുടെ പണികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഫോര്‍ട്ട്കൊച്ചി- വൈപ്പിന്‍ റൂട്ടില്‍ രണ്ട് മാസത്തേക്ക് ജങ്കാര്‍ സര്‍വിസ് നിര്‍ത്തിവെക്കാനുള്ള കൊച്ചി കോര്‍പറേഷന്‍െറ നീക്കത്തില്‍ മുരുക്കുംപാടം മത്സ്യബന്ധനമേഖലക്ക് ആശങ്ക. മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിക്കും. തെക്കന്‍ മേഖലയിലേക്ക് മത്സ്യം കയറ്റി പോകുന്ന വാഹനങ്ങള്‍ ജങ്കാര്‍ വഴിയാണ് പോകുന്നത്. കൂടാതെ ഹാര്‍ബറുകളും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട നിരവധി വാഹനങ്ങളും ജങ്കാറിനെ ആശ്രയിക്കുന്നു. ജങ്കാര്‍ സര്‍വിസ് നിലച്ചാല്‍ സമയ നഷ്ടവും ധനനഷ്ടവും ഉണ്ടാകും. ഇത് മത്സ്യവ്യാപാരത്തെയും മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്‍റ്സ് ആന്‍ഡ് കമീഷന്‍ ഏജന്‍റ്സ് ഫോര്‍ട്ട് വൈപ്പിന്‍ യൂനിറ്റ് ഭാരവാഹികളായ മുല്ലക്കര സലീം, കെ.പി. രതീഷ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ജങ്കാര്‍ സര്‍വിസ് രാത്രികാലങ്ങളില്‍ നിര്‍ത്തിവെച്ച് ജെട്ടി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സ്ഥലം എം.എല്‍.എ കോര്‍പറേഷനുമായി ബന്ധപ്പെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.