നേര്യമംഗലത്തെ 99 ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം

കാക്കനാട്: നേര്യമംഗലം ആദിവാസി ഗ്രാമം പദ്ധതി പ്രദേശത്ത് അര്‍ഹരായ 99 കുടുംബങ്ങള്‍ക്ക് 10 സെന്‍റ് വീതം ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ അറിയിച്ചു. 50 സെന്‍റ് സ്ഥലം കമ്യൂണിറ്റി ഹാള്‍, അംഗന്‍വാടി, കളിസ്ഥലം തുടങ്ങിയ പൊതു ആവശ്യങ്ങള്‍ക്ക് മാറ്റിയിടുമെന്നും കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല പറഞ്ഞു. തല്‍ക്കാലം കുടില്‍ കെട്ടി താമസിക്കാന്‍ ഓരോ കുടുംബത്തിനും 5000 രൂപ വീതം ധനസഹായവും നല്‍കും. നറുക്കെടുപ്പ് നടത്തി നേരത്തേ പ്ളോട്ട് അനുവദിച്ചവര്‍ക്ക് ഈ മാസം 31നകം പട്ടയം നല്‍കും. അവശേഷിക്കുന്ന അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നതിന് 13ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നറുക്കെടുപ്പ് നടത്താനാണ് ജില്ല ഭരണകൂടത്തിന്‍െറ തീരുമാനം. പട്ടയം അനുവദിച്ചശേഷം ഓരോ കുടുംബത്തിനും വീട് നിര്‍മിക്കാന്‍ 3,50,000 രൂപ വീതം ധനസഹായം നല്‍കും. പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍ എസ്റ്റിമേറ്റ് നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ റോഡ്, കുടിവെള്ള പദ്ധതികള്‍ രണ്ടുമാസത്തിനകം നടപ്പാക്കാനും തീരുമാനിച്ചു. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ കുടുംബശ്രീ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 19 വീടുകള്‍ ഈ മാസം അവസാനത്തോടെ കൈമാറും. കുടുംബശ്രീ നേതൃത്വത്തില്‍ എടക്കാട്ടുവയലില്‍തന്നെ 38 വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി കൈമാറും. പട്ടികവര്‍ഗ ഫണ്ട് വിനിയോഗിച്ച് പഴയ വീടുകളുടെ പുനരുദ്ധാരണവും നടത്തും. 104 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനാണ് മൂവാറ്റുപുഴ പട്ടികവര്‍ഗ ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍, ഇതില്‍ പലരും ഭൂമി വേണ്ടെന്ന് രേഖാമൂലം അറിയിച്ചതനുസരിച്ചാണ് പുതിയ ലിസ്റ്റ് തയാറാക്കിയത്. ആദിവാസി ഗ്രാമത്തില്‍ ഭൂമിയും നിലവില്‍ താമസിക്കുന്നവര്‍ക്ക് പട്ടയവും ആവശ്യപ്പെട്ട് 104 അപേക്ഷകരാണ് നിലവിലുള്ളത്. 70 സ്ഥലങ്ങള്‍ നിലവിലുള്ളതില്‍ നേരത്തേ 42 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള 38 പേര്‍ക്ക് ഭൂമിയും പട്ടയവും നല്‍കാനാണ് തീരുമാനം. കലക്ടറേറ്റ് കവാടത്തില്‍ ആദിദ്രാവിഡ സഭ നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തെ തുടര്‍ന്ന് ഈ മാസം 31നകം അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് കലക്ടര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.