‘ആരോഗ്യമില്ലാതെ’ ഹീമോഫീലിയ സെന്‍റര്‍ മൂന്നാം വര്‍ഷം പിന്നിടുന്നു

ആലുവ: ആരോഗ്യമില്ലാതെ ആലുവ ഹീമോഫീലിയ സെന്‍റര്‍ മൂന്നാം വര്‍ഷം പിന്നിടുന്നു. ജില്ല ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഹീമോഫീലിയ ട്രീറ്റ്മെന്‍റ് സെന്‍ററാണ് പ്രവര്‍ത്തനം ആരംഭിച്ച് മൂന്നുവര്‍ഷം പിന്നിട്ടിട്ടും അവഗണന നേരിടുന്നത്. ഇതുമൂലം രോഗികളും പരിചാരകരും ദുരിതമനുഭവിക്കുകയാണ്. മരുന്നുകളുടെ ദൗര്‍ലഭ്യം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകള്‍ എന്നിവയാണ് പ്രധാന പ്രശ്നങ്ങള്‍. ഹീമോഫീലിയ രോഗികള്‍ക്ക് അത്യാവശ്യമായ മരുന്നുകള്‍ ഇവിടെ ലഭ്യമല്ല. വാര്‍ഡടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍തലത്തിലെ ആദ്യത്തെ ഹീമോഫീലിയ ട്രീറ്റ്മെന്‍റ് സെന്‍ററാണ് ആലുവയിലേത്. സെന്‍ററിനെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള നിരവധി രോഗികള്‍ ആശ്രയിക്കുന്നുണ്ട്. ജില്ല ആശുപത്രിയിലെ ഒരു കെട്ടിടത്തിന്‍െറ ഒന്നാം നിലയിലാണ് ഹീമോഫീലിയ വാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അടിസ്ഥാന സൗകര്യവും ഇവിടെയില്ല. ബാത്ത്റൂം ഉപയോഗശൂന്യമായിട്ട് രണ്ട് വര്‍ഷത്തിലധികമായി. ഇത് രോഗികളെയും പരിചാരകരെയും വലക്കുകയാണ്. ലിഫ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. ഹീമോഫീലിയ സെന്‍ററിന് കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണസമിതി നിര്‍മിച്ച കെട്ടിടവും ഉപയോഗശൂന്യമാണ്. പഴയ ടൈലുകളും ഓട്ടവീണ ഷീറ്റുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതെല്ലാം അറിഞ്ഞിരുന്നുകൊണ്ടുതന്നെ അധികൃതര്‍ കരാറുകാര്‍ക്ക് പണം മുഴുവന്‍ നല്‍കുകയായിരുന്നു. ഇതിനെതിരെ ജില്ല പഞ്ചായത്ത്തലത്തില്‍ അന്വേഷണം നടന്നെങ്കിലും പുരോഗതിയുണ്ടായതായി അറിവില്ല. രക്തസ്രാവമുണ്ടാകുമ്പോള്‍ അടിയന്തരമായി നല്‍കേണ്ട മരുന്ന് ഇവിടെയില്ലാത്തത് രോഗികളെ വലക്കുകയാണ്. ഇത്തരം മരുന്നുകള്‍ കാരുണ്യ മെഡിക്കല്‍ ഫാര്‍മസികള്‍ വഴി മാത്രമേ ലഭിക്കുകയുള്ളൂ. എന്നാല്‍, ജില്ല ആശുപത്രിയിലോ ആലുവ നഗരത്തിലോ കാരുണ്യ ഫാര്‍മസി ഇല്ല. എറണാകുളം ജനറല്‍ ആശുപത്രിയിലും സമീപത്തെ മറ്റുചില നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസിയില്‍നിന്ന് മാത്രമാണ് മരുന്നുകള്‍ ലഭിക്കുന്നത്. എന്നാല്‍, മരുന്ന് ഇവിടങ്ങളില്‍നിന്ന് അടിയന്തരമായി എത്തിക്കല്‍ ബുദ്ധിമുട്ടാണ്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുമൂലം രോഗികള്‍ കഷ്ടപ്പെടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.