താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി: ആദ്യഘട്ട നിർമാണം പാതിവഴിയിൽ

ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിർമാണം പാതിവഴിയിൽ. ചിറയുടെ അതിർത്തി നിർണയിച്ചുനൽകാൻ റവന്യൂ വകുപ്പിന് കഴിയാത്തതാണ് മൂന്നരവർഷം മുമ്പ് തുടങ്ങിയ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് തടസ്സമായിരിക്കുന്നത്. ജില്ലയുടെ തെക്കു കിഴക്ക് കൊല്ലം ജില്ലയോട് അതിർത്തിപങ്കിടുന്ന താമരക്കുളം ഗ്രാമ പഞ്ചായത്തിൽ 100 ഏക്കറിലധികം വിസ്തൃതിയിലുള്ള പ്രകൃതിരമണീയമായ ജലാശയമാണ് വയ്യാങ്കരച്ചിറ. ആലപ്പുഴ ജില്ല മെഗാ ടൂറിസം പദ്ധതിയിൽ ഇടംനേടിയ വയ്യാങ്കരച്ചിറ ടൂറിസത്തിന് അനുവദിച്ച രണ്ടുകോടി 59 ലക്ഷത്തി​െൻറ ആദ്യഘട്ട നിർമാണമാണ് അധികൃതരുടെ അനാസ്ഥമൂലം പാതിവഴിയിൽ നിലച്ചിരിക്കുന്നത്. ഡി.ടി.പി.സി ആവിഷ്കരിച്ച പദ്ധതി കേന്ദ്ര സർക്കാർ സഹായത്തോടെ ഒരു കോടി 62 ലക്ഷത്തി​െൻറ ആദ്യഘട്ട നിർമാണം 2014 ജനുവരിയിലാണ് ആരംഭിച്ചത്. ചിറയിലേക്കുള്ള പ്രവേശന കവാടം, ഇതി​െൻറ ഇരുഭാഗങ്ങളിലുമായി 100 മീറ്റർ വീതം നീളത്തിൽ സന്ദർശകർക്ക് ഇരിക്കാൻ സിമൻറ് െബഞ്ചുകൾ, അലങ്കാരച്ചെടികൾ, അലങ്കാര വിളക്കുകൾ, ചിറയുടെ സൗന്ദര്യം ആസ്വദിക്കാൻ ചിറയിലേക്ക് തള്ളിയുള്ള വ്യൂ ബ്രിഡ്ജ്, ശൗചാലയം, വൈദ്യുതിമുറി എന്നിവയുടെ നിർമാണമാണ് നടക്കുന്നത്. എന്നാൽ, ഇവിടെ 200 മീറ്റർ ഭാഗത്തെ ചിറയുടെ അതിര് നിർണയിച്ചുനൽകിയെങ്കിൽ മാത്രമേ നിർമാണം പൂർത്തിയാക്കാൻ കഴിയൂ. എന്നാൽ റവന്യൂ വകുപ്പ് ഇതിനുള്ള നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല. 97 ലക്ഷത്തി​െൻറ ശേഷിക്കുന്ന രണ്ടാംഘട്ട നിർമാണജോലികളും ഇതുമൂലം വൈകും. ആയുർവേദ ചികിത്സ സ​െൻറർ ഉൾപ്പെടെയുള്ളതാണ് രണ്ടാംഘട്ട നിർമാണം. കിറ്റ്കോക്കാണ് ചുമതല. ചിറയുടെ ചുറ്റുപാടുമായി ൈകയേറ്റമുണ്ടെന്ന പരാതി വർഷങ്ങളായി നിലനിൽക്കുന്നെങ്കിലും റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വയ്യാങ്കരച്ചിറയിൽ ബോട്ടിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുകയും ചിറയിലേക്കുള്ള റോഡ് നിർമാണം ആരംഭിക്കണമെന്നതും നാട്ടുകാരുടെ പ്രധാന ആവശ്യങ്ങളാണ്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.