കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പാതയുടെ ഉദ്ഘാടനം ഫിഫ അണ്ടർ 17 ലോകകപ്പിന് മുമ്പ്. സെപ്റ്റംബർ അവസാന വാരമോ ഒക്ടോബർ ആദ്യമോ ഉദ്ഘാടനം നടത്താനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്. സിഗ്നലിങ് ജോലികൾ പുരോഗമിക്കുകയാണ്. പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെ ജൂലൈ 14 മുതൽ സിഗ്നൽ ഇല്ലാതെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ട്രാക്ക് പരിശോധനക്ക് വേണ്ടിയായിരുന്നു ഇത്. സിഗ്നലിങ് ജോലികൾ ഈ ആഴ്ച പൂർത്തീകരിച്ച് പരീക്ഷണ ഓട്ടം രണ്ടാഴ്ചക്കകം പുനഃസ്ഥാപിക്കും. ട്രയൽ റണ്ണിന് ശേഷം സുരക്ഷ കമീഷണറുടെ പരിശോധന നടക്കും. ഈ നടപടികൾ പൂർത്തിയാകുേമ്പാൾ ഒക്ടോബറായേക്കുമെന്നാണ് വിലയിരുത്തൽ. ഫിഫ അണ്ടർ 17 ലോകകപ്പിന് മുമ്പ് സർവിസ് ആരംഭിക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി. ഒക്ടോബർ ആറിനാണ് മത്സരങ്ങൾ തുടങ്ങുന്നത്. സ്റ്റേഷനുകളുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള സിവിൽ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. നേരേത്ത സെപ്റ്റംബർ പകുതിയോടെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്ററിനിടയിൽ അഞ്ച് സ്റ്റേഷനുകളാണുള്ളത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ, നോർത്ത്, എം.ജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവയാണ് അവ. ജൂൺ 17ന് ഉദ്ഘാടനം ചെയ്ത ആലുവ മുതൽ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ്. മഹാരാജാസ് ഗ്രൗണ്ടിലേക്ക് നീളുമ്പോൾ സ്റ്റേഷനുകൾ 16 ആകും. രണ്ടാം ഘട്ടമായ കാക്കനാട്ടേക്ക് നീട്ടാനുള്ള േകന്ദ്രാനുമതി രണ്ടാഴ്ചക്കകം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.