കൊച്ചി: നഗരത്തിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ്. ആക്രമികളുമായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് ഐ.ജിക്കു പരാതി നൽകി. യുവതി ആക്രമികളുടെ തടങ്കലിലാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ഭർത്താവ് പറയുന്നു. എന്നാൽ, സംഭവത്തിൽ യുവതിക്ക് പരാതിയില്ല എന്നാണ് പൊലീസ് ഭാഷ്യം. പത്തനംതിട്ട സ്വദേശിയായ യുവതിയെ കഴിഞ്ഞ മാസം 28ന് അർധരാത്രിയാണ് സാരമായ പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു യുവതി. ആശുപത്രിയിൽ എത്തിക്കുേമ്പാൾ യുവതിയുടെ കൈയിൽ മൂർച്ചയുളള ആയുധം കൊണ്ടുണ്ടായ മുറിവുണ്ടായിരുന്നു. അമിതമായി മദ്യം ഉള്ളിൽ ചെന്നിരുന്നതായും വൈദ്യപരിശോധനയിൽ തെളിഞ്ഞു. ബലം പ്രയോഗിച്ചാണ് മദ്യം നൽകിയതെന്ന് സംശയിക്കത്തക്ക രീതിയിൽ ഇരുകവിളുകളിലും പാടുമുണ്ടായിരുന്നു. ആശുപത്രി അധികൃതർ മരട് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. മൂന്നാഴ്ചയായിട്ടും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വിവരമറിഞ്ഞെത്തിയ ഭർത്താവിനോട് തനിക്കു പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും യുവതി പറഞ്ഞുവെന്നാണ് പൊലീസിെൻറ വിശദീകരണം. താനുമായി അകന്നശേഷം ഒപ്പം താമസിക്കുന്നയാളാണ് യുവതിയെ ക്രൂരമായി ആക്രമിച്ചതെന്ന് ഭർത്താവ് പറയുന്നു. യുവതിയുമായി മുേമ്പ അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് ഇല്ലാതാക്കാൻ ഇടപെടുന്നുണ്ട്. ഇവരുടെ ഭീഷണിയിലാകാം പരാതിയില്ല എന്നു പറയുന്നത്. ആശുപത്രിരേഖയിൽ തന്നെ ഗൗരവസ്വഭാവം വ്യക്തമാണ്. എന്നിട്ടും കേസെടുക്കാത്ത പൊലീസിെൻറ നടപടി സ്ത്രീ സുരക്ഷക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് അഭിഭാഷകൻ കൂടിയായ ഭർത്താവ് ചൂണ്ടിക്കാട്ടുന്നു. ആക്രമിച്ചവരുടെ കസ്റ്റഡിയിലാണ് അവർ ഇപ്പോഴുമുള്ളത്. യുവതി ഫോണിൽ വിളിച്ചതനുസരിച്ചാണ് കൊച്ചിയിൽ എത്തിയതെന്നും എന്നാൽ നേരിൽ കാണാനായിട്ടില്ലെന്നും എവിടെയെന്ന് അറിയില്ലെന്നും ഭർത്താവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.