കൊച്ചി: സംസ്ഥാനത്ത് ഭൂരഹിതരായ പട്ടികജാതിക്കാരുടെ എണ്ണത്തില്‍ വർധന. 2016-17ലെ കണക്കുകൾ പ്രകാരം 30698 പട്ടികജാതി ഭൂരഹിതരാണ് സംസ്ഥാനത്തുള്ളത്. 2009--10ല്‍ ഇത് 25154 ആയിരുന്നുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഭൂരഹിതരായ പട്ടികവർഗക്കാരുടെ കുറഞ്ഞു. 2009--10ല്‍ 16599 പട്ടികവർഗ ഭൂരഹിതർ ഉണ്ടായിരുന്നെങ്കിൽ 2016--17ൽ ഇവരുടെ എണ്ണം 11594 ആണ്. 2011 ലെ സെന്‍സസ് പ്രകാരം 30.39 ലക്ഷം പട്ടികജാതിക്കാരാണ് സംസ്ഥാനത്തുള്ളത്. പട്ടികവര്‍ഗക്കാരില്‍ ഏറ്റവും കൂടുതല്‍ ഭൂരഹിതരുള്ളത് വയനാടാണ്- 8263 പേർ. ഏറ്റവും കുറവ് തിരുവനന്തപുരത്തും- 27. കൊല്ലം(47), പത്തനംതിട്ട(190), ആലപ്പുഴ(290),കോട്ടയം(150), ഇടുക്കി(117), എറണാകുളം (234), തൃശൂര്‍(48), പാലക്കാട്(695), മലപ്പുറം(598),കോഴിക്കോട്(117),കണ്ണൂര്‍(264) കാസര്‍കോട്(554) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം വനാവകാശ നിയമപ്രകാരം 158 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 756.62 ഏക്കര്‍ ഭൂമി വിതരണം ചെയ്തിട്ടുണ്ട്. വി.എസ് അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് കേന്ദ്രവനാവകാശ നിയമപ്രകാരം 25,500 ആദിവാസികൾക്ക് ഭൂമി നൽകാൻ നടപടി എടുത്തിരുന്നതായി മന്ത്രി എ.കെ. ബാലൻ 'മാധ്യമ'ത്തോട് പറഞ്ഞു. അന്ന് 6000ത്തോളം ആളുകൾക്ക് ഭൂമി നൽകി. ഭൂരഹിത ആദിവാസികൾക്ക് ഭൂമി നൽകാൻ 'ആശിക്കും ഭൂമി ആദിവാസിക്ക്'എന്നപേരിൽ ആവിഷ്കരിച്ച പദ്ധതിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂരഹിതരായ പട്ടികവർഗക്കാരിൽ 4000 പേർക്ക് കേന്ദ്രവനാവകാശ നിയമപ്രകാരം ഭൂമി നൽകാനാകും. എ.കെ. ആൻറണി കേന്ദ്രമന്ത്രിയായിരിക്കെ സുപ്രീംേകാടതി പിന്തുണയോടെ വിട്ടുകിട്ടിയ വനഭൂമിയിൽനിന്ന് 5000പേർക്ക് വേറെയും ഭൂമി നൽകാനാകും. മിച്ചമുള്ളവർക്ക് സർക്കാർ വകയിൽ ഭൂമി വാങ്ങി നൽകാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് 45000ത്തോളം പട്ടിക ജാതിക്കാർക്ക് വീടില്ലെന്നാണ് കണക്ക്. 1200 പട്ടികജാതിക്കാർക്ക് സ്വന്തമായി സ്ഥലവുമില്ല. ഇവരിൽ 30000 പേരെ ലൈഫ് പദ്ധതിയിലുൾപ്പെടുത്തി ഭൂമിയും വീടും നൽകും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കലക്ടർമാർക്ക് നിർേദശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സർക്കാർ കണക്കനുസരിച്ച് ആദിവാസി മേഖലയിൽ തൊഴിൽ രഹിതരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പ്ലസ്ടുവോ അതിനുമുകളിലോ യോഗ്യതയോ ഉള്ള 11474 പട്ടികവര്‍ഗ തൊഴില്‍രഹിതർ സംസ്ഥാനത്തുണ്ട്. മെഡിക്കല്‍ എൻജിനീയറിങ്ങ് ബിരുദധാരികളായ തൊഴില്‍ രഹിതരുടെ എണ്ണം 354 ആണ്. നഴ്‌സിങ്ങ് പഠനം കഴിഞ്ഞ 237 പേരും പി.ജി. കഴിഞ്ഞ 482 പേരും തൊഴില്‍രഹിതരാണ്. 304 പേര്‍ ബി. എഡും, 304 പേര്‍ സെറ്റും ഒമ്പതുപേര്‍ നെറ്റും ലഭിച്ചവരാണ്. 420 പേർ ടി.ടി.സിയും 670 പേര്‍ സാങ്കേതികവിദ്യാഭ്യാസവും നേടിയിട്ടുണ്ട്. ബിനോയ് തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.