തൃപ്പൂണിത്തുറ: പൊതുവിഭാഗം റേഷൻ കാർഡുകാർക്ക് ഈ മാസവും റേഷൻകടകളിൽ അരിയും ഗോതമ്പുമില്ല. പൊതുവിഭാഗക്കാർക്ക് 8.90 രൂപ നിരക്കിൽ അഞ്ച് കിലോഗ്രാം അരി വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, മൂന്ന് മാസമായി റേഷനരി ലഭിക്കുന്നില്ല. സിവിൽസപ്ലൈസ് ലാഭം മാർക്കറ്റ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ വിതരണനിയന്ത്രണം ഏർപ്പെടുത്തിയത് പൊതുവിഭാഗം റേഷൻ കാർഡുകാർക്കും അവശ്യ സാധനങ്ങൾ വാങ്ങാൻ തടസ്സമായി. റേഷൻ മുൻഗണന പട്ടികയിൽപെട്ടവർക്കും സംസ്ഥാന സബ്സിഡി വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണ് പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് അരി കിട്ടാതിരിക്കാൻ കാരണം. പൊതുവിഭാഗം റേഷൻ കാർഡുകാർക്ക് ഓണക്കാലത്ത് റേഷൻ കടയിൽ നിന്ന് അരികിട്ടാനുള്ള സാധ്യത കുറവാണെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം, കണയന്നൂർ താലൂക്കിലടക്കം റേഷൻ കടകളിൽനിന്ന് പൊതുവിഭാഗത്തിന് അരി വിതരണം നടത്താത്തത് വ്യാപാരികളും കാർഡുടമകളും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. മുൻഗണന വിഭാഗത്തിനും സബ്സിഡി വിഭാഗത്തിനും ഭക്ഷ്യധാന്യങ്ങൾ നൽകിയശേഷം ബാക്കിയുണ്ടെങ്കിൽ മാത്രം പൊതു വിഭാഗത്തിന് നൽകിയാൽ മതിയെന്ന് അധികൃതരുടെ നിർദേശമുണ്ട്. റേഷൻ വിഹിതം പൂർണമായും കടകളിൽ അധികൃതർ എത്തിക്കാത്തതും പൊതുവിഭാഗത്തിെൻറ വിഹിതം വെട്ടിക്കുറക്കാൻ കാരണമായി. ഭക്ഷ്യസുരക്ഷ നിയമപ്രകാരം മുൻഗണന വിഭാഗത്തിന് ഒരംഗത്തിന് മാസം അഞ്ചുകിലോ ഭക്ഷ്യധാന്യം ലഭിക്കും. സംസ്ഥാന സബ്സിഡി വിഭാഗത്തിലെ ഒരംഗത്തിന് മാസം രണ്ട് കിലോ അരി ലഭിക്കും. ഭക്ഷ്യ സുരക്ഷ നിയമപ്രകാരം പൊതുവിഭാഗത്തിന് ലഭിക്കേണ്ട രണ്ടുകിലോ ഗോതമ്പ് നൽകുന്നില്ല. പകരം ആട്ടനൽകാമെന്ന ഉറപ്പും പാലിക്കുന്നില്ല. സംസ്ഥാന സബ്സിഡി വിഭാഗത്തിൽനിന്ന് പുറത്തായ 14 ലക്ഷത്തോളം കാർഡ് ഉടമകൾ ഇപ്പോൾ പൊതുവിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.