നാഥനില്ലാതെ ജി.സി.ഡി.എ അഞ്ചുമാസം പിന്നിടുന്നു

കൊച്ചി: ഭരണനേതൃത്വമില്ലാതെ വിശാലകൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) അഞ്ചുമാസം പിന്നിടുന്നു. ജി.സി.ഡി.എ ചെയര്‍മാനായിരുന്ന എന്‍. വേണുഗോപാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ദിവസംതന്നെ സ്ഥാനം ഒഴിഞ്ഞെങ്കിലും സര്‍ക്കാറിന് ഇതുവരെ ജി.സി.ഡി.എ ഭരണം പുതിയ നേതൃത്വത്തിന് കൈമാറാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന സമിതിയംഗവും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ സി.എന്‍. മോഹനനെ ചെയര്‍മാന്‍ പദവിയിലേക്ക് കൊണ്ടുവരാന്‍ സി.പി.എം തീരുമാനമെടുത്തെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വൈകുകയാണ്. ഉത്തരവ് ഇനി വൈകില്ളെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും നടപടി വൈകുന്നത് കൊച്ചിയുടെ വികസനത്തിന് വിശാല കാഴ്ചപ്പാടോടെ രൂപവത്കരിച്ച ജി.സി.ഡി.എക്ക് വന്‍ തിരിച്ചടിയാണ്. കലൂരില്‍ ആധുനിക മാര്‍ക്കറ്റ്, അംബേദ്കര്‍ സ്റ്റേഡിയത്തില്‍ വ്യാപാരികളുടെ പുനരധിവാസം, കോട്ടുവള്ളി പഞ്ചായത്തില്‍ ഷോപ്പിങ് കോപ്ളക്സിന്‍െറ രണ്ടാംഘട്ട വികസനം, വൈറ്റില മൊബിലിറ്റി ഹബ് തുടങ്ങിയ നിരവധി പദ്ധതികളുടെ ഭാവി പുതിയ ഭരണസമിതിയാവും നിശ്ചയിക്കുക. ഹൃദ്രോഗ വിദഗ്ധന്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്‍െറ നേതൃത്വത്തിലെ ഹാര്‍ട്ട് ഫൗണ്ടേഷനുമായി ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കും പുതിയ ഭരണസമിതിയാണ് പച്ചക്കൊടി വീശേണ്ടത്. കൊച്ചി നഗരസഭയുമായി സഹകരിച്ച് കലൂരില്‍ ആധുനിക മാര്‍ക്കറ്റ് എന്ന പദ്ധതി കടലാസില്‍തന്നെയാണെങ്കിലും ഇവിടേക്ക് പാലം നിര്‍മാണം ജി.സി.ഡി.എയുടെ കഴിഞ്ഞ ഭരണസമിതി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, ആധുനിക മാര്‍ക്കറ്റിന്‍െറ നിര്‍മാണം വൈകുകയാണ്. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ വെള്ളക്കെട്ട് പതിവായ ഭാഗത്തുനിന്ന് വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതില്‍ 32 കടമുറികള്‍ നിര്‍മിക്കാനുള്ള പദ്ധതിക്കും കഴിഞ്ഞ ഭരണസമിതി രൂപം നല്‍കിയെങ്കിലും നടപടിയായിട്ടില്ല. കോട്ടുവള്ളി പഞ്ചായത്തില്‍ രണ്ടര കോടി മുടക്കി നിര്‍മിച്ച ഷോപ്പിങ് കോപ്ളക്സിന്‍െറ രണ്ടാംഘട്ട നിര്‍മാണമാണ് പാതിവഴിയിലുള്ളത്. വൈറ്റില മൊബിലിറ്റി ഹബിന്‍െറ നിയന്ത്രണം സ്വകാര്യമേഖലക്ക് കൈമാറുന്നതിന് പകരം ജി.സി.ഡി.എക്ക് കൈമാറണമെന്ന ആവശ്യവും പഴയ ഭരണസമിതി മുന്നോട്ടുവെച്ചിരുന്നു. അതേസമയം, അഞ്ചുമാസമായി ജി.സി.ഡി.എയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ആരുമില്ലാത്ത സാഹചര്യം 140ലേറെ ജീവനക്കാരുള്ള സ്ഥാപനത്തെ അടിമുടി ബാധിച്ചതായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അഞ്ചുമാസത്തിനിടെ ഇവിടെ നാല് സെക്രട്ടറിമാരെ മാറ്റി നിയമിക്കേണ്ടിവന്നു. വാടകക്കെട്ടിടം ഒഴിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ട് വികസന അതോറിറ്റി സെക്രട്ടറിയെ മാറ്റി പുതിയ ആളെ നിയമിച്ചെങ്കിലും ഇടത് അനുകുല യൂനിയന്‍െറ ഇടപെടലിനത്തെുടര്‍ന്ന് വീണ്ടും മാറ്റമുണ്ടായി. ഒടുവില്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയ ശശിധരന്‍ ഗുരുവായൂര്‍ ക്ഷേത്ര കമീഷണര്‍ ആയതോടെയാണ് ഇപ്പോള്‍ വീണ്ടും മാറ്റം വന്നിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.