'ഇലയിട്ടു, ഊണില്ല' പ്രതിഷേധ സമരം

കാസർകോട്: ജൽ ജീവൻ മിഷൻ നടപ്പാക്കുന്നതിൽനിന്ന് ജല അതോറിറ്റിയെ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ.എൻ.ടി.യു.സി 'ഇലയിട്ടു, ഊണില്ല' പ്രതിഷേധസമരം സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ജൽ ജീവൻ പദ്ധതിയിലൂടെ 2024ഓടെ 22720 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കി കേരളത്തിലെ മുഴുവൻ വീടുകളിലും പൈപ്പ് വഴി കുടിവെള്ളമെത്തിക്കുന്നതിന് 55 ലക്ഷത്തോളം പുതിയ കണക്ഷനുകൾ നൽകും. ഇതുമായി ബന്ധപ്പെട്ട സർവേയും മറ്റു മുന്നൊരുക്കവും ജല അതോറിറ്റി പൂർത്തീകരിക്കുകയും പ്രാരംഭ ചെലവുകളുടെ 200 കോടി രൂപ സർക്കാറിലേക്ക് കെട്ടിവെക്കുകയും ചെയ്തപ്പോഴാണ് വാട്ടർ അതോറിറ്റിയെ നോക്കുകുത്തിയാക്കി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ജല അതോറിറ്റിയെ ഒഴിവാക്കി താരതമ്യേന ഉയർന്ന വെള്ളക്കരം ഈടാക്കി ജലവിതരണം നടത്തുകയും പലപ്പോഴും പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന ജലനിധിയെ ഏൽപിച്ച് അമിതഭാരം അടിച്ചേൽപിക്കുന്നതിനെതിരെയാണ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന തലത്തിൽ സമരം സംഘടിപ്പിച്ചത്. പ്രതിഷേധസമരം കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വിനോദ് എരവിൽ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം എം.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി. വേണുഗോപാലൻ സ്വാഗതവും അബ്ദുൾ ജമീൽ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.കെ. അനിതകുമാരി, കെ.പി. താരേഷ് കുമാർ, ദീപ, പി.ആർ. സുരേഷ്, വി.വി. അശോകൻ, എം.വി. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. water authority കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പ്രതിഷേധസമരം സംസ്ഥാന സെക്രട്ടറി വിനോദ് എരവിൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.