വാർഷിക ധനകാര്യ പത്രിക: കാസർകോട് മുന്നിൽ

ചെറുവത്തൂർ: പഞ്ചായത്തുകളുടെ വാർഷിക ധനകാര്യപത്രിക സമർപ്പണത്തിൽ കാസർകോട് മുന്നിൽ. മുഴുവൻ പഞ്ചായത്തുകളും പത്രിക സമർപ്പിച്ചതിൻെറ അടിസ്ഥാനത്തിൽ എ.എഫ്.എസ് സമ്പൂർണമാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കാസർകോട്. കോവിഡ് ആഘാതം കൂടുതൽ ഏൽപിച്ച ജില്ലയിൽ പ്രതിരോധ അതിജീവന പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച പഞ്ചായത്തുകൾ പ്രശംസനീയ നേട്ടമാണ് കൈവരിച്ചത്. അന്തർസംസ്ഥാന തൊഴിലാളികൾ, സമൂഹ അടുക്കള, കെയർ സൻെററുകൾ, നിരീക്ഷണ സംവിധാനം എന്നിങ്ങനെ നിരവധി ഉത്തരവാദിത്തങ്ങൾ കാരണം പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാപ്പകൽ നെട്ടോട്ടമോടുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഉത്തരവാദിത്തങ്ങളുടെ ബാഹുല്യത്തിനിടയിലാണ് കേരള പഞ്ചായത്തിരാജ് അക്കൗണ്ട്സ് ചട്ടങ്ങൾ 2011 പ്രകാരം വാർഷിക ധനകാര്യ പത്രിക പഞ്ചായത്തുകൾക്ക് തയാറാക്കേണ്ടി വന്നത്. മേയ് 15നകം എ.എഫ്.എസ് തയാറാക്കി ഭരണസമിതി തീരുമാനം സഹിതം ലോക്കൽ ഫണ്ട് അതോറിറ്റിക്ക് സമർപ്പിക്കണം എന്നതാണ് വ്യവസ്ഥ. ഇത്തരത്തിൽ ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളും നിയമാനുസൃതമായി പത്രിക സമർപ്പിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. സുകുമാർ, എ.ഡി.പി പി.എം. ധനീഷ്, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാരായ ബി.എൻ. രേഷ്, കെ.വി. ജീവ്കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോവിഡ് കാലത്തുതന്നെയാണ് ദുരന്ത നിവാരണ പദ്ധതിയും വാർഷിക പദ്ധതിയും സമർപ്പിച്ച ആദ്യ ജില്ലയായി കാസർകോട് മാറിയതും. ജില്ലയിലെ 25ഓളം പഞ്ചായത്തുകൾ 100 ശതമാനം നികുതിപിരിവെന്ന നേട്ടവും ഈ വേളയിൽ കൈവരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.