കുമ്പള: കുടുംബ അയൽപക്ക ബന്ധങ്ങൾ വളർത്താനുള്ള സുവർണാവസരമാണ് ഒാരോ പെരുന്നാളും സമൂഹത്തിന് സമ്മാനിക്കുന്നതെങ്കിലും പ്രത്യേക സാഹചര്യത്തിൽ അതീവ കരുതലും ജാഗ്രതയും പുലർത്തിയാവണം ആഘോഷങ്ങളെന്ന് ജാമിഅ സഅദിയ പ്രസിഡൻറ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ പെരുന്നാൾ സന്ദേശത്തിൽ അറിയിച്ചു. ത്യാഗ സമർപ്പണത്തിൻെറ സാഫല്യ വേളയാണ് പെരുന്നാളെന്നും ആഘോഷദിവസം മതം വിലക്കിയ ഒരു പ്രവർത്തനങ്ങളിലേക്കും തിരിയാതിരിക്കാൻ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ പശ്ചാത്തലത്തിൽ കടന്നുവരുന്ന പെരുന്നാളിനെ പ്രാർഥനാ മനസ്സോടെ സഹജീവികളിലേക്ക് സ്നേഹവും സാന്ത്വനവും ചൊരിഞ്ഞുവേണം സജീവമാക്കേണ്ടതെന്ന് സംയുക്ത ഖാദിയും സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷനുമായ എം. അലിക്കുഞ്ഞി മുസ്ലിയാർ ഷിറിയ ഇൗദ് സന്ദേശത്തിൽ പറഞ്ഞു. സർവ സൃഷ്ടികളോടും കരുണാർദ്ര മനസ്സുമായി ജീവിക്കുന്നവർക്കു മാത്രമേ ദൈവത്തിൻെറ കാരുണ്യവും ഒൗദാര്യവും ലഭിക്കുകയുള്ളൂവെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ, ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ എന്നിവർ ഇൗദ് സന്ദേശത്തിൽ അറിയിച്ചു. ഇൗദുൽ ഫിത്ർ കുടുംബബന്ധം ഉൗട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക് കാരുണ്യം ചൊരിഞ്ഞും ചൈതന്യമാക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി പെരുന്നാൾ സന്ദേശത്തിൽ അറിയിച്ചു. റമദാൻ പകർന്നു നൽകിയ വ്രതവിശുദ്ധി നിലനിർത്തുതിനുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരമായി ഇൗദുൽ ഫിത്റിനെ ഉപയോഗപ്പെടുത്തണമെന്ന് എസ്.എസ്.എഫ്, സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.എം.എ ജില്ല കമ്മിറ്റികൾ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. സ്കൂൾ പരീക്ഷക്ക് സജ്ജമാക്കും ഉദുമ: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്കായി ഉദുമ ഗവ. ഹയർ സെക്കൻഡറിയെ സജ്ജമാക്കാൻ പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. മദർ പി.ടി.എയും അധ്യാപകരും സ്കൂൾ പരിസരം ശുചീകരിച്ചു. പി.ടി.എ പ്രസിഡൻറ് സത്താർ മുക്കുന്നോത്തിൻെറ നേതൃത്വത്തിൽ അംഗങ്ങളും നാട്ടുകാരും പരീക്ഷത്തലേന്ന് ഹാളുകൾ അണുവിമുക്തമാക്കും. ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകൾക്ക് പുറത്തുനിന്ന് പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ വണ്ടി ഒരുക്കും. കൂടെയെത്തുന്ന രക്ഷിതാക്കൾക്ക് പരിക്ഷ കഴിയുംവരെ വിശ്രമിക്കുന്നതിനുള്ള സ്ഥലം തരപ്പെടുത്തും. കർണാടകയിൽ നിന്നും പരീക്ഷക്കെത്തുന്ന കുട്ടികൾക്കായി ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം പ്രത്യേക ഹാളൊരുക്കും. മുഴുവൻ വിദ്യാർഥികളെയും നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് ബോധവത്കരണം നടക്കുന്നതായി ഹെഡ്മാസ്റ്റർ മധുസൂദനൻ അറിയിച്ചു. പി.ടി.എ പ്രസിഡൻറ് സത്താർ മുക്കുന്നോത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് അഷ്റഫ്, മുൻ പ്രിൻസിപ്പൽ മുരളീധരൻ നായർ, പി.ടി.എ വൈസ് പ്രസിഡൻറ് സി.കെ. അശോകൻ, എസ്.എം.സി വൈസ് ചെയർമാൻ മുരളി പള്ളം, മദർ പി.ടി.എ പ്രസിഡൻറ് കുസുമം, രജിത അശോകൻ, അശോകൻ ചക്കര തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.