കാസര്‍കോട്: സംസ്ഥാനത്ത് 6.3 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗത്തിന്‍െറ ആദ്യപടിയിലെന്ന് കണക്കുകള്‍. ബീഡി, സിഗരറ്റ്, പാന്‍മസാല, മുറുക്ക് തുടങ്ങിയ ഉല്‍പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് സംസ്ഥാന എക്സൈസ് കമീഷണര്‍ അയച്ച സര്‍ക്കുലര്‍ പറയുന്നു. കോട്പ -2016 (സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളും) നിയമമനുസരിച്ച് രജിസ്റ്റര്‍ചെയ്ത കേസുകളുടെ എണ്ണവും അതിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാന എക്സൈസ് കമീഷണര്‍ അയച്ച സര്‍ക്കുലറുമാണ് ഗുരുതരമായ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 14 ശതമാനമാണെന്ന് സര്‍ക്കുലര്‍ പറയുന്നു. 2013ല്‍ കോട്പ ആക്ട് സെക്ഷന്‍ ആറ് ബി പ്രകാരം സ്കൂളിന്‍െറ 100 മീറ്റര്‍ പരിധിയില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ എടുത്ത കേസ് 1258 ആയിരുന്നു. 2016 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 3065 കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍നിന്നാണ് ഇടവേളകളില്‍ കുട്ടികള്‍ക്ക് ഏറെയും ഈ ഉല്‍പന്നങ്ങള്‍ ലഭിക്കുന്നത്. 2003ലാണ് കോട്പ നടപ്പാക്കിയത്. നിയമനടപടി ശക്തമാക്കുന്നതിന്‍െറ ഭാഗമായി കോട്പ പ്രകാരം നടപടിയെടുക്കാന്‍ എക്സൈസിനും അനുമതി നല്‍കിയിട്ടുണ്ട്. 45 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികളാണ് കേരളത്തിലുള്ളത്. ഇതില്‍ മൂന്നുലക്ഷം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാണ്. ഹൈസ്കൂളില്‍ 14 ലക്ഷം പേരുണ്ട്. ലഹരി അനുബന്ധ ഉല്‍പന്നങ്ങളുടെ ഉപഭോക്താക്കള്‍ ഏറെയും ഇവരാണ്. പാന്‍മസാല ഉല്‍പന്നങ്ങള്‍ക്കെതിരെ ശക്തമായ നടപടി നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കുലര്‍. നടപടിയെടുത്ത റിപ്പോര്‍ട്ട് ഫെബ്രുവരി 15ന് കമീഷണര്‍ക്ക് അയക്കാനും നിര്‍ദേശിച്ചിരുന്നു. നടപടി സ്വീകരിച്ചുവരുന്നതായി എക്സൈസ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.