കാക്കണേ... ഈ ഓഫിസ് കെട്ടിടം, ജീവനക്കാരെയും

കാസര്‍കോട്: ഏതു നിമിഷവും തകര്‍ന്ന് നിലംപതിച്ചേക്കാം. ഇരുപതോളം ജീവനക്കാര്‍ ജോലിചെയ്യുന്നത് ജീവഭയത്തോടെ. ജില്ല ആസ്ഥാനത്ത് ഡെപ്യൂട്ടി കലക്ടറും ഡെപ്യൂട്ടി തഹസില്‍ദാറും കീഴ്ജീവനക്കാരും സേവനം നടത്തുന്ന ഓഫിസ് കെട്ടിടത്തിന്‍െറ സ്ഥിതിയാണിത്. കാസര്‍കോട് പുലിക്കുന്നില്‍ പഴയ ജില്ല പൊലീസ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന പഴഞ്ചന്‍ ബഹുനിലകെട്ടിടം ഇപ്പോള്‍ ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സ്പെഷല്‍ ഡെപ്യൂട്ടി കലക്ടറുടെയും സ്പെഷല്‍ തഹസില്‍ദാറിന്‍െറയും ഓഫിസാണ്. അപകടാവസ്ഥയിലായതിനാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ പൊളിച്ചുനീക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ച കെട്ടിടം മുന്നറിയിപ്പുകളെ അവഗണിച്ചാണ് അധികൃതര്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍, പൊതുമരാമത്ത് എന്‍ജിനീയറിങ് വിഭാഗത്തിന്‍െറ നിര്‍ദേശത്തിന് ബന്ധപ്പെട്ടവര്‍ ഒരു വിലയും കല്‍പിച്ചില്ല. കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് തൂണുകളുടെ അടിഭാഗം പൂര്‍ണമായി ദ്രവിച്ചുകഴിഞ്ഞു. സണ്‍ഷേഡ് ഉള്‍പ്പെടെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ അടര്‍ന്നുവീണു കൊണ്ടിരിക്കുന്നു. ജില്ല രൂപവത്കരണശേഷം കലക്ടറേറ്റ്, ആര്‍.ഡി.ഒ ഓഫിസ് എന്നിവ പ്രവര്‍ത്തിച്ചത് ഈ കെട്ടിടത്തിലായിരുന്നു. കലക്ടറേറ്റ് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തിലേക്ക് മാറിയ ശേഷമാണ് കെട്ടിടം ജില്ല പൊലീസ് ഓഫിസായി ഉപയോഗിച്ചുതുടങ്ങിയത്. ജില്ല പൊലീസ് ആസ്ഥാനം പാറക്കട്ടയിലേക്ക് മാറ്റിയശേഷം ഇത് പൊലീസ് കണ്‍ട്രോള്‍ റൂമായും കുറച്ചുകാലം ഉപയോഗിച്ചു. ചോര്‍ച്ചയും തകര്‍ച്ചയും പതിവായപ്പോള്‍ പൊലീസുകാര്‍ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. ജീവനക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സ്പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍, സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസുകള്‍ക്ക് വേറെ സ്ഥലം കണ്ടത്തെണമെന്ന് ആവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് എം.പി. കുഞ്ഞിമൊയ്തീന്‍െറ നേതൃത്വത്തില്‍ ഭാരവാഹികള്‍ കഴിഞ്ഞദിവസം കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.