കര്‍ഷകരെ സംരക്ഷിക്കാന്‍ പുത്തന്‍പദ്ധതികളുമായി കശുവണ്ടി വികസന കോര്‍പറേഷന്‍

കാസര്‍കോട്: സംസ്ഥാനത്തെ തോട്ടണ്ടിക്ഷാമം നേരിടാന്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ പ്രാഥമിക സഹകരണ ബാങ്കുകളുമായി ചേര്‍ന്ന് പുത്തന്‍ പദ്ധതിയാവിഷ്കരിക്കുന്നു. ഇതുപ്രകാരം കശുവണ്ടി സംഭരിക്കുന്നത് സഹകരണ ബാങ്കുവഴിയാക്കും. സാധാരണ മാര്‍ക്കറ്റിലുള്ള വിലയേക്കാള്‍ സഹകരണ ബാങ്കുകള്‍ക്ക് അഞ്ചുരൂപ അധികം കോര്‍പറേഷന്‍ നല്‍കും. കശുവണ്ടി വ്യവസായത്തിന്‍െറ നിലനില്‍പ് മെച്ചപ്പെടുത്തുന്നതിനായി വടക്കന്‍ജില്ലകളിലെ കശുവണ്ടി സമൃദ്ധമേഖലകളിലെ വിഭവങ്ങള്‍ സമാഹരിക്കുന്നതാണ് പദ്ധതി. നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തുവന്നിരുന്ന തോട്ടണ്ടിയില്‍ ഗണ്യമായ കുറവുവന്നതോടെ കശുവണ്ടി ഇനത്തില്‍ കേരളം സ്വയംപര്യാപ്തി നേടണമെന്ന തിരിച്ചറിവില്‍നിന്നാണ് പുതിയ തീരുമാനം. കര്‍ഷകരെ സംരക്ഷിക്കുക, കശുവണ്ടിവ്യവസായം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ജില്ലയില്‍നിന്ന് ഏകദേശം 5000 ടണ്‍ കശുവണ്ടി സംഭരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കശുമാങ്ങയില്‍നിന്ന് ജാം, വിനാഗിരി, വൈന്‍ തുടങ്ങിയ ഉല്‍പന്നങ്ങളും നിര്‍മിക്കും. കശുവണ്ടിയുടെ ആഭ്യന്തര ഉപഭോഗത്തിന്‍െറ 50 ശതമാനമെങ്കിലും സംസ്ഥാനത്തിനകത്തുനിന്നുതന്നെ കണ്ടത്തൊനായി ജനകീയ കശുമാവ് കൃഷിയെന്ന പദ്ധതിയും നടപ്പാക്കും. പദ്ധതിപ്രകാരം ഒരു ഏക്കറില്‍ 80 തൈ നിരക്കില്‍ സൗജന്യമായി അത്യുല്‍പാദനശേഷിയുള്ളതും ഉയരം കുറഞ്ഞതും മൂന്നു വര്‍ഷംകൊണ്ട് വിളവെടുക്കാവുന്നതുമായ കശുമാവിന്‍ തൈകള്‍ വിതരണം ചെയ്യും. വിളവെടുപ്പ് സമയത്ത് ഒരു തൈക്ക് 100 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് 8000 രൂപ പ്രതിഫലം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.