ജില്ല ബാങ്കില്‍ പി.എസ്.സി നിയമനം മുടക്കാന്‍ അനധികൃത സ്ഥാനക്കയറ്റം

കാസര്‍കോട്: ജില്ല സഹകരണ ബാങ്കില്‍ പി.എസ്.സി റാങ്ക് പട്ടിക നിലവില്‍വരുന്നതിന് മുന്നോടിയായി ജീവനക്കാര്‍ക്ക് അനധികൃത സ്ഥാനക്കയറ്റം നല്‍കിയെന്ന് ആരോപണം. ബാങ്ക് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. പി.എസ്.സി നിയമനം മുടക്കാന്‍ അനധികൃത സ്ഥാനക്കയറ്റം നടപ്പാക്കിയതറിഞ്ഞാണ് അറുപതോളം റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ അംഗങ്ങളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായത്തെിയത്. 11 തസ്തികകളിലാണ് പി.എസ്.സി നിയമനം വരുന്നതിനുമുമ്പ് അനധികൃത സ്ഥാനക്കയറ്റം നല്‍കിയത്. പ്യൂണ്‍ തസ്തികയിലുണ്ടായിരുന്നവര്‍ക്ക് ക്ളര്‍ക്ക് ആയും സ്വീപ്പര്‍ തസ്തികയില്‍ ഉണ്ടായിരുന്നവര്‍ക്ക് പ്യൂണായുമാണ് സ്ഥാനക്കയറ്റം നല്‍കിയത്. പി.എസ്.സി മുഖേന അഞ്ചുപേരെ ക്ളറിക്കല്‍ തസ്തികയില്‍ നിയമിക്കുമ്പോള്‍ ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാമെന്ന വ്യവസ്ഥ ബാങ്കധികൃതര്‍ മറികടന്നുവെന്നാണ് പരാതി. ജില്ല ബാങ്ക് ഭരണസമിതിക്ക് സ്വീപ്പര്‍ തസ്തികയില്‍ മാത്രമാണ് നേരിട്ട് നിയമനം നടത്താന്‍ അധികാരമുള്ളത്. സ്വീപ്പര്‍ തസ്തികയില്‍ ഒഴിവുകള്‍ സൃഷ്ടിച്ച് കോഴനിയമനം നടത്താനാണ് അനധികൃതമായി സ്ഥാനക്കയറ്റം നല്‍കിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. മണികണ്ഠന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. അനില്‍ ചെന്നിക്കര, അഫ്സല്‍ ചെന്നിക്കര, സുബാഷ് പാടി, പ്രമോദ്കുമാര്‍ പാടി, റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജേഷ്, സെക്രട്ടറി അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.