ജില്ലയിലെ ആറു വാര്‍ഡില്‍ സമ്പൂര്‍ണ കറന്‍സിരഹിത പണമിടപാട് നടപ്പാക്കും

കാസര്‍കോട്: ജില്ലയിലെ ആറു ബ്ളോക്കിലെ ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിനെയും സമ്പൂര്‍ണ കാഷ്ലെസ് വാര്‍ഡായി മാറ്റുന്നതിന് നടപടികളാരംഭിച്ചു. ബേരുപദവ്, രാംദാസ്നഗര്‍, കുറ്റിക്കോല്‍, മാവുങ്കാല്‍, ചെറുവത്തൂര്‍, ചിറ്റാരിക്കാല്‍ വാര്‍ഡുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജനപ്രതിനിധികള്‍, ബാങ്കുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി. ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ പേമെന്‍റ് സംബന്ധിച്ച് വ്യാപക ബോധവത്കരണം നല്‍കും. നഗരപ്രദേശങ്ങളിലും മറ്റും നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേമെന്‍റ് സംവിധാനം ഗ്രാമപ്രദേശങ്ങളില്‍ക്കൂടി വ്യാപകമാകുന്നത് സാമൂഹിക പുരോഗതിക്ക് ഉപകരിക്കുമെന്ന് ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. കറന്‍സിരഹിത പണമിടപാടുകളെ കുറിച്ച് സങ്കുചിത താല്‍പര്യങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ പഠിക്കണം. എല്ലാ വിഭാഗമാളുകളുടെയും പൂര്‍ണപിന്തുണ പദ്ധതിക്ക് അനിവാര്യമാണ്. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അത്യാവശ്യ പണമിടപാടുകള്‍ നടത്താന്‍ സാധിച്ചാല്‍ സമയം ഏറെ ലാഭിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആറു ബ്ളോക്കുകളിലെ വാര്‍ഡുകളില്‍ കറന്‍സിരഹിത പണമിടപാട് ആരംഭിക്കുന്നതിന്‍െറ മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനപ്രതിനിധികളുടേയും ബാങ്ക് ഉദ്യോഗസ്ഥരുടേയും അക്ഷയ കോഓഡിനേറ്റര്‍മാരുടേയും യോഗം ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ വി.എസ്. രമണന്‍, അക്ഷയ ജില്ല പ്രോജക്ട് ഓഫിസര്‍ ശ്രീരാജ് പി. നായര്‍, ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. ജനുവരി 26നകം ആറു വാര്‍ഡുകളിലും പ്രാഥമിക ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 30നകം സര്‍വേ നടത്തും. പ്രദേശത്തെ ബാങ്കുകളുടെ മേല്‍നോട്ടത്തിലാണ് സര്‍വേ നടത്തുക. അതത് മേഖലകളില്‍ പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാണ് പദ്ധതി നടപ്പാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.