സാം സജിക്കായി കാരുണ്യത്തിന്‍െറ ഡബ്ള്‍ബെല്‍

കോളിച്ചാല്‍: മൂകാംബിക ട്രാവല്‍സിന്‍െറ മൂന്ന് ബസുകള്‍ ശനിയാഴ്ച സര്‍വിസ് നടത്തുക കാരുണ്യത്തിന്‍െറ ഡബ്ള്‍ ബെല്‍ മുഴക്കി. വൃക്കരോഗം ബാധിച്ച മൂന്നുവയസ്സുകാരന് ചികിത്സാ സഹായം സമാഹരിക്കാനാണ് ബസുകള്‍ കാരുണ്യപാതയില്‍ ഓടുക. കോളിച്ചാല്‍ കൊളപ്പുറത്തെ പാചകത്തൊഴിലാളി തറപ്പേല്‍ സജിയുടെയും സ്മിതയുടെയും ഇളയ മകന്‍ സാം സജിയാണ് ചികിത്സയില്‍ കഴിയുന്നത്. കുഞ്ഞുസാമിന്‍െറ രോഗം തിരിച്ചറിഞ്ഞത് മുതല്‍ പരിയാരം മെഡിക്കല്‍ കോളജ്, കോട്ടയം ഇ.എസ്.ഐ ആശുപത്രി എന്നിവിടങ്ങളിലായി ചികിത്സ നടത്തുകയാണ്. നാളിതുവരെയായി നല്ളൊരു തുക ചെലവഴിച്ചുകഴിഞ്ഞു. പനത്തടി പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെയും സുമനസ്സുകളായ നാട്ടുകാരുടെയും സഹായത്താലാണ് ഇതുവരെയുള്ള ചികിത്സാ ചെലവുകള്‍ നടത്തിയത്. കാട്ടൂര്‍ വിദ്യാധരന്‍ നായരുടെ ഉടമസ്ഥതയിലുള്ള മൂകാംബിക ട്രാവല്‍സിന്‍െറ കാഞ്ഞങ്ങാട്-കൊന്നക്കാട്, കാഞ്ഞങ്ങാട്-പാണത്തൂര്‍, പാണത്തൂര്‍-ബന്തടുക്ക-കാസര്‍കോട് റൂട്ടിലോടുന്ന മൂന്ന് ബസുകളാണ് കാരുണ്യ സര്‍വിസ് നടത്തുക. ഒടയംചാല്‍ പടിമരുതിലെ അനയ്മോന്‍െറ ചികിത്സാ സഹായനിധിയിലേക്ക് പണം സ്വരൂപിക്കാന്‍ മാതൃകാപരമായി സര്‍വിസ് നടത്തിയ സ്വകാര്യ ബസുടമകളുടെ തീരുമാനത്തെ യാത്രക്കാരും പൊതുജനങ്ങളും പിന്തുണക്കുമെന്നാണ് കുടുംബത്തിന്‍െറ പ്രതീക്ഷ. കുഞ്ഞനുജന്‍െറ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി ദൈവത്തോട് പ്രാര്‍ഥിക്കുകയാണ് മാലക്കല്ല് സെന്‍റ്മേരീസ് എ.യു.പി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയായ സ്നേഹയും സഹോദരന്‍ രണ്ടാം ക്ളാസുകാരന്‍ സോനുവും. ബന്ധപ്പെടാന്‍ ഫോണ്‍: 7025004955 (സ്മിതാ സജി), 9447361930 (കാട്ടൂര്‍ വിദ്യാധരന്‍ നായര്‍), 9605662070 (സജി, മൂകാംബിക ട്രാവല്‍സ് മാനേജര്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.