കാസര്‍കോട്: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണസമിതി യോഗനടപടികള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറി. മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഡിജിറ്റലൈസ്ഡ് മീറ്റിങ് മാനേജ്മെന്‍റ് സംവിധാനം (ഡി.എം.എം.എസ്) നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യജില്ലയാണ് കാസര്‍കോട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ‘സകര്‍മ’ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനസര്‍ക്കാറിന്‍െറ നൂറുദിനം പൂര്‍ത്തീകരണത്തിന്‍െറ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡി.എം.എം.എസിന്‍െറ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. സംസ്ഥാന മുനിസിപ്പല്‍ ചെയര്‍മാന്‍ ചേംബര്‍ അധ്യക്ഷന്‍കൂടിയായ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിക്കും. കിലയുടെ കോഴ്സ് കോഓഡിനേറ്റര്‍ ഡോ. ജെ.ബി. രാജന്‍ മുഖ്യപ്രഭാഷണം നടത്തും. തദ്ദേശസ്ഥാപനങ്ങളില്‍ യോഗത്തിനുള്ള അജണ്ട നിര്‍ദേശിക്കല്‍, യോഗതീയതി നിശ്ചയിക്കുന്നത്, കുറിപ്പ് രേഖപ്പെടുത്തല്‍ തുടങ്ങി ഭരണസമിതിയോഗവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. താമസിയാതെ പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത്, നഗരസഭകളുടെ യോഗതീരുമാനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ഇപ്പോള്‍ meeting.lsgkerala.gov.in വെബ്സൈറ്റില്‍ യോഗതീയതികള്‍ കാണാന്‍ സാധിക്കും. യോഗം കഴിയുന്നതോടെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ മൊബൈല്‍ഫോണിലും കമ്പ്യൂട്ടറിലും മിനുട്സ് ലഭ്യമാകും. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലേയും ആറു ബ്ളോക് പഞ്ചായത്തുകളിലെയും ജില്ലാപഞ്ചായത്തിലെയും അധ്യക്ഷന്മാര്‍ക്ക് ഇതുസംബന്ധിച്ച് കിലയുടെ ശേഷിവികസന പരിപാടിയുടെ ഭാഗമായി പരിശീലനം നല്‍കിയിരുന്നു. കില ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍, അസി. പ്രഫസര്‍ ഡോ. ജെ.ബി. രാജന്‍ എന്നിവര്‍ മുന്‍കൈയെടുത്ത് 10 ബാച്ചുകളിലായി 368 പേര്‍ക്കാണ് ജില്ലയില്‍ പരിശീലനം നല്‍കിയത്. പഞ്ചായത്ത് അസി. ഡയറക്ടര്‍ പി. മുഹമ്മദ് നിസാര്‍, പഞ്ചായത്ത് സെക്രട്ടറിമാരായ എം. ഗംഗാധരന്‍ നായര്‍, ബി.എന്‍. സുരേഷ്, എം. കണ്ണന്‍ നായര്‍, പി. ജയന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഒരു ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും കണക്കുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയ ആദ്യജില്ല എന്ന ബഹുമതി നേരത്തേ കാസര്‍കോട് നേടിയിരുന്നു. രണ്ടിന് നടക്കുന്ന പ്രഖ്യാപനപരിപാടിയില്‍ എല്ലാ പഞ്ചായത്തംഗങ്ങളും ജീവനക്കാരും പങ്കെടുക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. നാരായണന്‍ നമ്പൂതിരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.