ചന്ദ്രഗിരി റോഡിലെ അമിതവേഗത; കര്‍ശന നടപടികളുമായി അധികൃതര്‍

കാസര്‍കോട്: അമിതവേഗത്തിലും അശ്രദ്ധയിലും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന ചന്ദ്രഗിരി കെ.എസ്.ടി.പി റോഡില്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇതുവരെ നടത്തിയ പരിശോധനയില്‍ അമിതവേഗതക്ക് 20 ഡ്രൈവര്‍മാരുടെ പേരില്‍ നിയമനടപടി സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെയും ഫിറ്റ്നസ് ഇല്ലാതെയും വാഹനമോടിച്ച 15 വാഹനങ്ങള്‍ക്കെതിരെയും ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച മൂന്നു പേര്‍ക്കെതിരെയും നടപടിയെടുത്തു. റോഡ് മുറിച്ചുകടക്കാന്‍ സ്കൂള്‍തലത്തില്‍ പരിശീലനം നല്‍കുന്നതിന്‍െറ ഭാഗമായി ഉദുമ എല്‍.പി സ്കൂള്‍ കുട്ടികള്‍ക്ക് കെര്‍ബ്ഡ്രില്‍ നടത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്കൂളുകളില്‍ പരിശീലനം നടത്തും. അമിതവേഗതയും ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും നിരീക്ഷിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ കെ. ബാലകൃഷ്ണന്‍ അറിയിച്ചു. എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് എം.വി.ഐ എ.കെ. രാജീവന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസി. മോട്ടോര്‍ വെഹിക്ള്‍ ഇന്‍സ്പെക്ടര്‍മാരായ പി.എസ്. രാമനാഥ്, സജി ജോസ് എന്നിവരും പങ്കെടുത്തു. ആഘോഷകാലത്ത് റോഡുകള്‍ അപകടരഹിതമാക്കുന്നതിന് കര്‍ശന നിരീക്ഷണമുണ്ടാകുമെന്നും അമിതവേഗത നിയന്ത്രിക്കാന്‍ കുറ്റക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.