അപകടക്കെണിയായി പുലിമുട്ട്

കാസര്‍കോട്: കോടികള്‍ ചെലവഴിച്ച് കാസര്‍കോട്ട് ചന്ദ്രഗിരിപ്പുഴയുടെ അഴിമുഖത്ത് നിര്‍മിച്ച പുലിമുട്ട് അപകടക്കെണിയായി മാറി. പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് തോണിയപകടങ്ങളാണ് ഇവിടെയുണ്ടായത്. 34 മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഫൈബര്‍ തോണികള്‍ തകര്‍ന്നും യന്ത്രങ്ങളും വലയും നശിച്ചും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ കരയിലേക്ക് വരുന്ന തോണികള്‍ പുലിമുട്ടിന് സമീപത്തെ മണല്‍ത്തിട്ടയിലിടിച്ചും തിരമാലകളില്‍പെട്ടുമാണ് മറിയുന്നത്. ആഗസ്റ്റ് 25നുണ്ടായ അപകടത്തില്‍ 19 പേര്‍ക്കാണ് പരിക്കേറ്റത്. പിറ്റേന്ന് ഇതേ സ്ഥലത്ത് അപകടം ആവര്‍ത്തിച്ചപ്പോള്‍ അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഒടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയും തോണിമറിഞ്ഞു. തോണിയിലുണ്ടായിരുന്ന 10 തൊഴിലാളികള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഒക്ടോബര്‍ രണ്ടിനുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിരുന്നു. പുലിമുട്ട് നിര്‍മാണത്തിലെ അപാകതയും അശാസ്ത്രീയതയുമാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 2010ല്‍ നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ ഇത് സംബന്ധിച്ച ആശങ്ക ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ആറുവര്‍ഷം നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2016 മാര്‍ച്ചിലാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം പൂര്‍ത്തിയായത്. 30 കോടി രൂപ ഇതിനായി ചെലവഴിച്ചു. 40 വര്‍ഷം മുമ്പ് തയാറാക്കിയ പ്ളാന്‍ പ്രകാരമാണ് നിര്‍മാണം നടത്തിയതെന്നും അഴിമുഖത്തിന്‍െറ ഇപ്പോഴത്തെ അവസ്ഥ ഉദ്യോഗസ്ഥര്‍ കണക്കിലെടുത്തില്ളെന്നുമാണ് പ്രധാന ആരോപണം. അഴിമുഖത്തിന് വടക്ക് കസബ ഭാഗത്ത് 570 മീറ്ററും തെക്ക് കീഴൂര്‍ ഭാഗത്ത് 520 മീറ്ററുമാണ് പുലിമുട്ടിന്‍െറ നീളം. ഇതില്‍ 200 മീറ്ററോളം ചന്ദ്രഗിരിപ്പുഴയിലാണ്. 370 മീറ്റര്‍ മാത്രമാണ് കടലിലേക്ക് നീളുന്നത്. രണ്ട് കടല്‍ഭിത്തികള്‍ക്കിടയിലെ ചാലിന്‍െറ അകലം 70 മീറ്ററോളം മാത്രമാണ്. ഇത് അപര്യാപ്തമാണെന്നും 200 മീറ്ററെങ്കിലും വീതിയുണ്ടായാല്‍ മാത്രമേ മത്സ്യയാനങ്ങള്‍ക്ക് യഥേഷ്ടം കടന്നുവരാന്‍ കഴിയുകയുള്ളൂവെന്നുമാണ് വിദഗ്ധാഭിപ്രായം. പുലിമുട്ട് കടലില്‍ അവസാനിക്കുന്ന ഭാഗത്ത് ശക്തമായി തിരയടിക്കുന്നതിനാലാണ് കരയിലേക്ക് വരുന്ന തോണികള്‍ തകര്‍ന്ന് മറിയുന്നത്. ഇവിടെ മണല്‍ തിട്ട രൂപപ്പെട്ടതാണ് തിരയടിക്കാന്‍ കാരണം. കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ പുലിമുട്ടിന്‍െറ ഉദ്ഘാടനം നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പുണ്ടാകുമെന്ന സൂചനയുണ്ടായതിനാല്‍ പരിപാടി ഒഴിവാക്കുകയായിരുന്നു. നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പുണെയിലെ ഗവേഷണ സ്ഥാപനത്തിന്‍െറ സഹായത്തോടെ പുലിമുട്ട് പരിശോധന നടത്തുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം ഉറപ്പ് നല്‍കിയിരുന്നു. പിന്നീട്, നിര്‍മാണത്തില്‍ അപാകതയില്ളെന്നും അപകട സാധ്യതയില്ളെന്നുമാണ് തുറമുഖ വകുപ്പ് ചീഫ് എന്‍ജിനീയര്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ അറിയിച്ചതെന്ന് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ.യു.എസ്. ബാലന്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT