കെ.എസ്.ടി.പി റോഡില്‍ കാമറകള്‍ സ്ഥാപിക്കും

കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹന വേഗത പരിശോധിക്കാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമായി. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫിസില്‍ സബ്കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലം കെ.എസ്.ടി.പി, പൊലീസ്, ആര്‍.ടി.ഒ അധികൃതര്‍ സംയുക്ത പരിശോധന നടത്തി ഒരാഴ്ചക്കുള്ളില്‍ തീരുമാനിക്കും. ഉദുമ-പള്ളിക്കര പഞ്ചായത്ത് തലങ്ങളില്‍ ബോധവത്കരണ ക്ളാസുകള്‍ നടത്തും. ഇതിനായി ബേക്കല്‍ എസ്.ഐ, ജോയന്‍റ് ആര്‍.ടി.ഒ എന്നിവരെ ചുമതലപ്പെടുത്തി. ബേക്കല്‍, പള്ളിക്കര തുടങ്ങിയ അപകട മേഖലകളില്‍ സ്ഥിരമായി വാഹന പരിശോധന നടത്തും. ഇതിന് കൂടുതല്‍ പൊലീസുകാരെ നിയമിക്കും. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ റോഡ് തടസ്സം സൃഷ്ടിച്ച് സംഘര്‍ഷാവസ്ഥയുണ്ടാക്കുന്നത് ഒഴിവാക്കി സമാധാനം നിലനിര്‍ത്തുന്നതിന് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ നടപടി കൈക്കൊള്ളാന്‍ സബ്കലക്ടര്‍ നിര്‍ദേശം നല്‍കി. റോഡില്‍ റിഫ്ളക്ടറുകള്‍ സ്ഥാപിക്കാന്‍ കെ.എസ്.ടി.പിക്ക് നിര്‍ദേശം നല്‍കി. ഓണത്തിനുശേഷം അധികൃതര്‍ നടപടിയെടുക്കും. ഉദുമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. മുഹമ്മദാലി, കണ്ണൂര്‍ കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി. മുഹമ്മദ് ഇഷാക്, ജോയന്‍റ് ആര്‍.ടി.ഒ എ.സി. ഷീബ, കണ്ണൂര്‍ കെ.എസ്.ടി.പി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി. ദേവേശന്‍, കെ.എസ്.ടി.പി അസി. എന്‍ജിനീയര്‍ പി. മധു, ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പി.പി. നാരായണന്‍, ആര്‍.ഡി.എസ് പ്രോഗ്രാം മാനേജര്‍ കെ.വി. രഘുനാഥന്‍, ഡി.ആര്‍.ഇ, ഇ.ജി.കെ-കെ.എസ്.ടി.പി കണ്‍സള്‍ട്ടന്‍റ് പി. സുരേഷ്കുമാര്‍, ആര്‍.ഡി.എസ് പ്രോജക്ട് സീനിയര്‍ അഡ്മിനിസ്ട്രേഷന്‍ ഓഫിസര്‍ പി.പി. വേണു നായര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.