രണ്ട് ദിവസം, രണ്ട് ദുരന്തങ്ങള്‍; കാസര്‍കോടിന് നഷ്ടമായത് നാല് കുട്ടികള്‍

കാസര്‍കോട്: ബാവിക്കര പുഴയില്‍ തിങ്കളാഴ്ച രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചതിന് പിന്നാലെ ചൊവ്വാഴ്ച പിലാങ്കട്ടയിലെ ഉബ്രങ്കളയില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മരിക്കാനിടയായ ദുരന്തവും ജില്ലയെ കണ്ണീരിലാഴ്ത്തി. രണ്ടു ദിവസത്തിനുള്ളില്‍ നാല് കുട്ടികളെയാണ് കാസര്‍കോടിന് നഷ്ടമായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാവിക്കര പുഴയില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ച വാര്‍ത്ത തീക്കാറ്റുപോലെ നാടറിഞ്ഞത്. നെല്ലിക്കാട്ടെ മുഹമ്മദിന്‍െറ മകന്‍ അബ്ദുല്‍ അസീസും (17) ബന്ധു കിന്നിംഗാറിലെ അബ്ദുല്‍ ഖാദറിന്‍െറ മകന്‍ ഹാഷിമുമാണ് (13) മുങ്ങിമരിച്ചത്. ദുരന്തത്തിന്‍െറ വിങ്ങല്‍ മായുന്നതിന് മുമ്പാണ് തിങ്കളാഴ്ച രാവിലെ മറ്റൊരു ദുരന്തവാര്‍ത്ത കൂടിയത്തെുന്നത്. പിലാങ്കട്ടക്കടുത്ത് ഉബ്രങ്കളയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ കിണറ്റില്‍വീണ് മരിച്ചതറിഞ്ഞ് നാട് വിറങ്ങലിച്ചു. മളിയിലെ ഹമീദിന്‍െറയും റിയാനയുടെയും മകന്‍ റംസാന്‍ (നാല്), ഷബീറിന്‍െറയും നാസിയയുടെയും മകന്‍ നസ്വാന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്. വീട്ടുകാര്‍ ഭക്ഷണം പാകംചെയ്തുകൊണ്ടിരിക്കെയാണ് കുട്ടികള്‍ മുറ്റത്ത് കളിക്കാന്‍ പോയത്. കുട്ടികളെ കാണാതായപ്പോള്‍ തട്ടിക്കൊണ്ടുപോയെന്ന ഭീതിയായിരുന്നു വീട്ടുകാര്‍ക്ക്. പിന്നെയാണ് കിണറിനുമേല്‍ വിരിച്ച വല മുറിഞ്ഞ നിലയില്‍ കണ്ടത്. സംശയത്തെ തുടര്‍ന്ന് കിണറ്റിലേക്ക് നോക്കിയപ്പോഴേക്കും കുട്ടികള്‍ മുങ്ങിത്താഴ്ന്നിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ടത്തെിയ നാട്ടുകാര്‍ കിണറ്റിലിറങ്ങി കുട്ടികളെ പുറത്തെടുത്ത് ബദിയടുക്ക കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങിയിരുന്നു. അഞ്ചുവരി കല്ല് പടുത്തുയര്‍ത്തിയ ആള്‍മറ കിണറിനുണ്ട്. എന്നാല്‍, തൊട്ടടുത്ത് കൂട്ടിയിട്ട കരിങ്കല്‍ ജല്ലിയാണ് ദുരന്തത്തിന് കാരണമായത്. കൂട്ടിയിട്ട ജല്ലിയുടെ മുകളില്‍ കയറിയ കുട്ടികള്‍ കിണറിന്‍െറ ആള്‍മറയിലേക്ക് പിടിച്ചുകയറിയതായാണ് സംശയിക്കുന്നത്. 15 കോല്‍ താഴ്ചയുള്ള വലിയ കിണറില്‍ നാല് കോലോളം വെള്ളമുണ്ട്. വര്‍ഷങ്ങളായി കിണറിനരികില്‍ കരിങ്കല്‍ ജല്ലി കൂട്ടിയിട്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കിണറിന് സമീപത്ത് ശേഷിച്ച കൊച്ചുസൈക്കിള്‍ കണ്ട് വന്നവര്‍ വന്നവര്‍ വിങ്ങിപ്പൊട്ടി. ഉബ്രങ്കളയിലെ വീട്ടുമുറ്റത്ത് കുട്ടികള്‍ക്ക് ഉണ്ടാക്കിയ ഭക്ഷണവും ചിതറിയ നിലയിലായിരുന്നു. തൊട്ടുമുമ്പത്തെ ദിവസമാണ് ബാവിക്കര പയസ്വിനി പുഴയില്‍ കുളിക്കുന്നതിനിടെ അസീസും ഹാഷിമും മുങ്ങിമരിച്ചത്. മൂന്ന് ദിവസം മുമ്പ് നാട്ടിലത്തെിയ പിതാവ് മുഹമ്മദിന്‍െറ കൂടെയായിരുന്നു മകന്‍ അസീസും പിതാവിന്‍െറ സഹോദരീമകന്‍ ഹാഷിമും കുളിക്കാനിറങ്ങിയത്. നീന്തല്‍ വശമില്ലാത്തതിനാല്‍ ആഴംകുറഞ്ഞ ഭാഗത്താണ് കുളിച്ചതെങ്കിലും ചുഴിയില്‍പെട്ട് മുങ്ങിത്താഴുകയായിരുന്നു. അപകടമരണങ്ങള്‍ ഒന്നൊന്നായി സംഭവിക്കുമ്പോള്‍ ഇനിയൊരു ദുരന്തമുണ്ടാകരുതേയെന്ന പ്രാര്‍ഥനയിലാണ് ജനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.