മാളത്തുംപാറ സമരം: ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം

പെരിയ: കേരള-കേന്ദ്ര സര്‍വകലാശാലക്ക് മുന്നില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്നുവരുന്ന മാളത്തുംപാറ കോളനിസമരം ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു. ജില്ല കലക്ടര്‍ ജീവന്‍ബാബുവിന്‍െറ നേതൃത്വത്തില്‍ ഡിവൈ.എസ്.പി കെ. ദാമോദരന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് ശാരദ എസ്. നായര്‍, കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ രാധാകൃഷ്ണന്‍ നായര്‍, എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം ഡോ. ജയപ്രകാശ്, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ രാജഗോപാലന്‍, സമരസഹായസമിതി നേതാക്കളായ പി. സന്ദീപ്, സി.കെ. അരവിന്ദാക്ഷന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഒ.കെ. പ്രഭാകരന്‍, അഡ്വ. എം.കെ. ബാബുരാജ് തുടങ്ങിയവര്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. സ്ഥിരം ജോലി അടക്കമുള്ള സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോവുമെന്ന് സമരസമിതി സംഘാടകര്‍ അറിയിച്ചു. ഇതിനത്തെുടര്‍ന്ന് 30ന് പെരിയയില്‍ നടക്കാനിരിക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം കൃത്യസമയത്തുതന്നെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രമുഖരുടെ നേതൃത്വത്തില്‍ നടക്കുമെന്നും അവര്‍ അറിയിച്ചു. മാളത്തുംപാറ കോളനിയിലെ 16 കുടുംബങ്ങളാണ് കഴിഞ്ഞ 20 ദിവസങ്ങളിലായി സര്‍വകലാശാലക്ക് മുന്നിലെ സമരപ്പന്തലില്‍ നിരാഹാര സമരം നടത്തിവരുന്നത്. പുതുതായി അനുവദിക്കപ്പെട്ട പാര്‍പ്പിടങ്ങളിലെ കുടിവെള്ളം, നിരത്ത് അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ കൂടാതെ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വകലാശാലാ അധികൃതര്‍ ഉറപ്പ് നല്‍കിയ സ്ഥിരം ജോലിയെന്ന വാഗ്ദാനവും വെറുതെയായ സാഹചര്യത്തിലാണ് കോളനിവാസികള്‍ സമര രംഗത്ത് ഇറങ്ങുന്നത്. എന്നാല്‍, സമരസമിതിക്കാര്‍ പറയുന്ന തരത്തിലുള്ള ഒരു വാഗ്ദാനവും തങ്ങള്‍ നല്‍കുകയുണ്ടായിട്ടില്ളെന്നും കോളനി നിവാസികള്‍ക്ക് താമസയോഗ്യമായ പുതിയ പാര്‍പ്പിടങ്ങള്‍ നല്‍കുകയുണ്ടായതായും ഏതാനും പേര്‍ക്ക് താല്‍ക്കാലിക ജോലി നല്‍കിയതായും സര്‍വകലാശാലാ അധികൃതര്‍ പറയുന്നു. സര്‍വകലാശാലക്ക് മുന്നില്‍ സമരസമിതി നടത്തി വരുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആദിവാസി കലാ സാംസ്കാരിക സമിതി സമരപ്പന്തലില്‍ തെരുവോര ചിത്രരചന സംഘടിപ്പിച്ചു. ഭാസ്കരന്‍ കരിവേടകത്തിന്‍െറ അധ്യക്ഷതയില്‍ ചിത്രകാരന്‍ ടി. രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. 30ന് ഉച്ച രണ്ടിന് പെരിയയില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തെ ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ മേഖല ഉറ്റുനോക്കുന്ന സാഹചര്യത്തില്‍ സമ്മേളനത്തിന്‍െറ പ്രാധാന്യം വര്‍ധിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.