എല്ലാ വാര്‍ഡുകളിലും ഡിസംബര്‍ എട്ടിന് ജലസ്രോതസ്സ് ശുചീകരിക്കും

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച നവകേരള മിഷന്‍െറ ഭാഗമായി ജില്ലയില്‍ ജലസ്രോതസ്സുകളുടെ സംരക്ഷണം, പരിസര ശുചിത്വം, കാര്‍ഷിക വികസനം എന്നിവക്ക് മുന്‍ഗണന നല്‍കി ഡിസംബര്‍ എട്ടിന് പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹരിതകേരളം ജില്ലതല മിഷന്‍െറ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരള മിഷന്‍ പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നതിന് ഭരണസമിതി വിളിച്ചുചേര്‍ക്കാന്‍ അവശേഷിക്കുന്ന മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഈ ആഴ്ചതന്നെ യോഗം ചേര്‍ന്ന് പദ്ധതികള്‍ തയാറാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും കുറഞ്ഞത് ഒരു ജലസ്രോതസ്സ് വീതം ഡിസംബര്‍ എട്ടിന് ശുചീകരിക്കും. വാര്‍ഡ് അംഗത്തിന്‍െറ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക, ജലസ്രോതസ്സുകള്‍ വറ്റിച്ച് ശുചീകരിക്കരുതെന്നും, വൃത്തിയാക്കി അണുമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. നവകേരള മിഷന്‍െറ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ജനപങ്കാളിത്തം ഉറപ്പുവരുത്തണം. അയല്‍ക്കൂട്ടങ്ങള്‍ വരെ ഈ പ്രവര്‍ത്തനങ്ങളുടെ സന്ദേശമത്തെിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് മുഖ്യപരിഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു. തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ജൈവകൃഷി വ്യാപകമാക്കണം. ഡിസംബര്‍ എട്ടിന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് മന്ത്രി ജനപ്രതിനിധികളോടാവശ്യപ്പെട്ടു. ഡിസംബര്‍ എട്ടിന് വാര്‍ഡ്തലത്തില്‍ ആവിഷ്കരിച്ച പദ്ധതികള്‍ ജനപ്രതിനിധികളും സെക്രട്ടറിമാരും യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളേറ്റെടുക്കുന്നതിന് യോഗം തീരുമാനിച്ചു. ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മിഷന്‍ ചെയര്‍മാനായ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ സംസാരിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്മാരായ വി.വി. രമേശന്‍ (കാഞ്ഞങ്ങാട്), പ്രഫ. കെ.പി. ജയരാജന്‍ (നീലേശ്വരം), ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് എ. ജലീല്‍, നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ജാനകി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ മാധവന്‍ മണിയറ, ശാരദ എസ്. നായര്‍, ജില്ല മിഷന്‍ അംഗങ്ങളായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ വാര്‍ഡ്തലത്തില്‍ ശുചീകരണം ആരംഭിച്ചു. മികച്ച വാര്‍ഡിന് പുരസ്കാരം നല്‍കും. നഗരത്തില്‍ റാലി സംഘടിപ്പിക്കും. കാരാട്ട് വയല്‍ കൃഷിയോഗ്യമാക്കും. കാഞ്ഞങ്ങാട് പ്ളാസ്റ്റിക്മുക്ത നഗരമാക്കുമെന്ന് ചെയര്‍മാന്‍ വി.വി. രമേശന്‍ അറിയിച്ചു. നീലേശ്വരം നഗരസഭയില്‍ മുഴുവന്‍ വാര്‍ഡുകളിലും ജലസ്രോതസ്സുകള്‍ ശുചീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍ പറഞ്ഞു. പാലായിയിലും പട്ടേനയിലും അഞ്ചേക്കര്‍ വീതം തരിശുനിലം കൃഷിയോഗ്യമാക്കും. ജൈവനഗരമായി നീലേശ്വത്തെ നിലനിര്‍ത്തും. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊന്മാലം വലിയകുളം ശുചീകരിക്കും. കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തടയണകള്‍ നിര്‍മിക്കും. മീഞ്ചയിലും കുമ്പളയിലും എല്ലാ വാര്‍ഡുകളിലും പ്ളാസ്റ്റിക് ശേഖരിക്കും. ജലാശയങ്ങള്‍ സംരക്ഷിക്കും. വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംചാലില്‍ കര്‍മസേന കൃഷിയിറക്കും. ചെറുകിട ജലസേചന വകുപ്പിന്‍െറ പട്ടികയിലുള്ള 400 കുളങ്ങളില്‍ 223 കുളങ്ങള്‍ നവീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. അവശേഷിക്കുന്നവ ചെറുകിട ജലസേചന വകുപ്പ് നവീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.