കാസര്‍കോട്: കന്നട സംസാരിക്കുന്ന പത്മശാലിവിഭാഗത്തെ മറ്റു പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിയമസഭ സമിതി സിറ്റിങ്ങില്‍ തീരുമാനം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പത്മശാലി സമുദായപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഈ വിഭാഗത്തിന് ഒ.ഇ.സി ആനുകൂല്യം നല്‍കും. പരമ്പരാഗത നെയ്ത്തുതൊഴിലാളികളായ പത്മശാലിവിഭാഗം ശാലിയ സമുദായത്തിന്‍െറ ഉപവിഭാഗമാണ്. മറ്റൊരു ഉപവിഭാഗമായ പത്മശാലിയ വിഭാഗത്തിനും ഒ.ബി.സി ആനുകൂല്യം ലഭിക്കുന്നുണ്ട്. എന്നാല്‍, കന്നട സംസാരിക്കുന്ന പത്മശാലിവിഭാഗത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷകളില്‍ ക്രീമീലെയര്‍ ആനുകൂല്യം ലഭിക്കുന്നില്ളെന്നാണ് പരാതി. കൊങ്കിണിഭാഷ സംസാരിക്കുന്ന ലതീന്‍ കത്തോലിക്ക വിഭാഗത്തിന് സംവരണം അനുവദിക്കണമെന്ന നിവേദനത്തില്‍ 2012ല്‍ പിന്നാക്കസമുദായ വികസനവകുപ്പ് കിര്‍താഡ്സ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ നിയമസഭ സമിതി കിര്‍താഡ്സ് ഉദ്യോഗസ്ഥരെ ഹിയറിങ് നടത്തി പരാതിയില്‍ തീരുമാനമെടുക്കും. ലാറ്റിന്‍ കത്തോലിക്ക വിഭാഗത്തിന് സംസ്ഥാനത്തുടനീളം ലഭിക്കുന്ന സംവരണാനുകൂല്യം കൊങ്കിണിഭാഷ സംസാരിക്കുന്ന ലാറ്റിന്‍ കത്തോലിക്കര്‍ക്കും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സമിതി പ്രാഥമികമായി വിലയിരുത്തി. കാസര്‍കോട് ജില്ലയില്‍ ഒരേ സമുദായത്തിന്‍െറ ഭാഗമായ വാണിയ, കാണിക, പട്ടാളി എന്നീ വിഭാഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സം നീക്കും. യാദവ ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണശതമാനം വര്‍ധിപ്പിക്കണമെന്നും ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കി. ക്ഷേത്ര ആചാര്യസ്ഥാനികര്‍ക്ക് വേതനം 3000 രൂപയായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പട്ടു. ഇക്കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്താമെന്ന് സമിതി അറിയിച്ചു. ചിറ്റയം ഗോപകുമാര്‍ ചെയര്‍മാനായ സമിതിയുടെ സിറ്റിങ്ങില്‍ നിയമസഭാ അംഗങ്ങളായ കെ. അന്‍സലന്‍, എല്‍ദോസ് കുന്നപ്പിള്ളി, ടി.വി. ഇബ്രാഹീം, വി. ജോയി, കെ.ഡി. പ്രസേനന്‍ എന്നിവരും നിയമസഭാസമിതി ജോയന്‍റ് സെക്രട്ടറി തോമസ് ചെട്ടുപറമ്പില്‍, ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു, എ.ഡി.എം കെ. അംബുജാക്ഷന്‍, ജില്ല പൊലീസ് മേധാവി തോംസണ്‍ ജോസ്, പിന്നാക്കസമുദായ വികസനവകുപ്പ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പി.യു. മുരളീധരന്‍, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.