നവകേരള മിഷന്‍ പദ്ധതി മാതൃകാപരമായി നടപ്പാക്കും

കാസര്‍കോട്: സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച നവകേരള മിഷന്‍ പദ്ധതികള്‍ ജില്ലയില്‍ എല്ലാവിഭാഗം ജനങ്ങളുടെയും കൂട്ടായ്മയോടെ നടപ്പാക്കാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതി, ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍, സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കുള്ള പ്രവര്‍ത്തനങ്ങള്‍, ഹരിതകേരളം പദ്ധതികള്‍, ത്രിതല പഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍, സര്‍ക്കാറേതര ഏജന്‍സികളുടെയും സഹകരണത്തോടെ നടപ്പാക്കും. ജില്ല ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല ആസൂത്രണസമിതി ചെയര്‍മാന്‍കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ല ആസൂത്രണസമിതി സെക്രട്ടറികൂടിയായ ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു നവകേരള മിഷന്‍ പദ്ധതികളെക്കുറിച്ച് ആമുഖപ്രഭാഷണം നടത്തി. പുതിയ കേരളത്തിന്‍െറ പിറവിക്ക് ഉപകരിക്കുന്ന നവകേരള മിഷന്‍ യാഥാര്‍ഥ്യമാക്കാന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് എം.എല്‍.എമാരായ പി.ബി. അബ്ദുറസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍ എന്നിവര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ പദ്ധതി മാതൃകാപരമായി നടപ്പാക്കാന്‍ കഴിയും. കുടുംബശ്രീ, കോളജ് യൂനിറ്റുകളിലെ എന്‍.എസ്.എസ്, എന്‍.സി.സി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുക. മാലിന്യസംഭരണ കേന്ദ്രങ്ങള്‍ ശുചീകരിക്കും. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും കിണറുകള്‍ അണുവിമുക്തമാക്കുന്ന പരിപാടിയും ഇതിന്‍െറഭാഗമായി നടപ്പാക്കും. വീടുകളില്‍ ഉപയോഗിക്കാതെ സൂക്ഷിച്ച ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങളും വസ്ത്രങ്ങളും ആവശ്യക്കാര്‍ക്ക് സൗജന്യമായി സംഭരിച്ചുനല്‍കും. എല്ലാ ഗ്രാമ, നഗരപ്രദേശങ്ങളിലും ഇതിനുള്ള സംവിധാനമൊരുക്കും. പ്ളാസ്റ്റിക് കാരിബാഗ് ഹോളിഡേ ആയി ഡിസംബര്‍ എട്ട് ആചരിക്കും. നഗരപ്രദേശങ്ങളില്‍ സൗന്ദര്യവത്കരണത്തിനും അന്ന് തുടക്കമാകും. വീടുകളില്‍നിന്ന് പ്ളാസ്റ്റിക് പേനകളും പ്ളാസ്റ്റിക് കുപ്പികളും ശേഖരിച്ച് കുട്ടികള്‍ വിദ്യാലയങ്ങളിലത്തെിക്കും. നഗരസഭ ചെയര്‍മാന്മാരുടെ ചേംബര്‍ പ്രസിഡന്‍റ് കൂടിയായ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹീം, സബ്കലക്ടര്‍ മൃണ്‍മയി ജോഷി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ മുഹമ്മദ്കുഞ്ഞി ചായിന്‍റടി, പി. രാജന്‍, ഓമനാ രാമചന്ദ്രന്‍, എം. ഗൗരി, എ.കെ.എം. അഷ്റഫ്, വി.പി. ജാനകി എന്നിവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും സെക്രട്ടറിമാരും നിര്‍വഹണ ഉദ്യോഗസ്ഥന്മാരും സംബന്ധിച്ചു. ജില്ല പ്ളാനിങ് ഓഫിസര്‍ കെ.എം. സുരേഷ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.