കാസര്‍കോട്: മാധ്യമം ജില്ല ബ്യൂറോ ഇനി പുതിയ ഓഫിസില്‍. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ ദേശീയപാതക്ക് പടിഞ്ഞാറു ഭാഗത്തെ ചേരൂര്‍ കോംപ്ളക്സിലെ രണ്ടാംനിലയിലാണ് പുതിയ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. ബ്യൂറോയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ നിര്‍വഹിച്ചു. ജില്ലയുടെ വികസനത്തിനും വളര്‍ച്ചക്കും ‘മാധ്യമം’ നടത്തിയ ഇടപെടലുകള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ജില്ലാ ഭരണകൂടം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ‘മാധ്യമം’ പിന്തുണ നല്‍കുന്നുണ്ട്. അരികുവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി ‘മാധ്യമം’ എടുത്ത നിലപാട് സ്തുത്യര്‍ഹമാണ്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ‘മാധ്യമ’ത്തിന്‍െറ ഇടപെടല്‍ സഹായകമായിട്ടുണ്ട്. ഹൈകോടതിയില്‍ മാധ്യമങ്ങള്‍ക്കെതിരെ ഒരു വിഭാഗം അഭിഭാഷകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് നിരക്കുന്നതല്ല. മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണം. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബഷീര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ‘മാധ്യമം’ ഇനിയും ശ്രമിക്കുമെന്ന് അധ്യക്ഷത വഹിച്ച മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂര്‍ പറഞ്ഞു. സര്‍ക്കാറിന്‍െറ വികസന പദ്ധതികള്‍ ജില്ലയിലേക്ക് എത്തുന്നില്ല. കാസര്‍കോട് ജില്ലയിലാണ് ശക്തമായ രാഷ്ട്രീയ-മാധ്യമ കൂട്ടായ്മ നിലനില്‍ക്കുന്നത്. ജില്ലയുടെ വികസനത്തിന് മാധ്യമങ്ങളും ജനപ്രതിനിധികളും കൂട്ടായി യത്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹീം മുഖ്യാതിഥിയായിരുന്നു. പ്രസ്ക്ളബ് പ്രസിഡന്‍റ് സണ്ണിജോസഫ്, വൈസ് പ്രസിഡന്‍റ് ടി.എ. ഷാഫി, മാധ്യമം ന്യൂസ് എഡിറ്റര്‍ എ.പി. അബൂബക്കര്‍, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടേറിയറ്റംഗം അഷ്റഫ് ബായാര്‍, മാധ്യമം ജില്ല ഫീല്‍ഡ് കോഓഡിനേറ്റര്‍ അബ്ദുല്‍ ഹമീദ് കക്കണ്ടം, പൊതുപ്രവര്‍ത്തകന്‍ കെ.എസ്. ഫക്രുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമം കണ്ണൂര്‍ യൂനിറ്റ് റസിഡന്‍റ് മാനേജര്‍ കെ. ഉമര്‍ ഫാറൂഖ് സ്വാഗതവും ചീഫ് റിപ്പോര്‍ട്ടര്‍ രവീന്ദ്രന്‍ രാവണേശ്വരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.