നോട്ടോട്ടം ഏഴാം ദിനത്തിലേക്ക്; ദുരിതത്തിന് അയവില്ല

കാസര്‍കോട്: 500, 1000 അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ ദുരിതത്തിന് ആറ് ദിവസം പിന്നിടുമ്പോഴും അയവില്ല. രണ്ടാം ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിച്ചിട്ടും തിങ്കളാഴ്ച തിരക്കും ദുരിതവും ആവര്‍ത്തിച്ചു. സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടെങ്കിലും ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ തുടരുകയാണ്. കേരള ഗ്രാമീണ്‍ ബാങ്കിന്‍െറ ആഭിമുഖ്യത്തില്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ മൊബൈല്‍ എ.ടി.എം ഒരുക്കിയത് നേരിയ ആശ്വാസമായി. ബാങ്കും എ.ടി.എമ്മും ജനത്തിരക്കിലമര്‍ന്നതിനെ തുടര്‍ന്ന് എത്തിയ സഞ്ചരിക്കുന്ന എ.ടി.എമ്മിനു മുന്നില്‍ പൊതുയോഗത്തിനുള്ള ആളുകള്‍ തടിച്ചുകൂടി. 1000 രൂപ വരെയാണ് മൊബൈല്‍ എ.ടി.എം വഴി നല്‍കിയത്. ബസ്സ്റ്റാന്‍ഡുകളിലും പ്രധാന കേന്ദ്രത്തിലും വാഹനം നിര്‍ത്തി ആളുകള്‍ക്ക് പണമെടുക്കാനുള്ള സൗകര്യമൊരുക്കി. തിങ്കളാഴ്ച പകല്‍ രണ്ടിനുശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ എ.ടി.എം എത്തി. നഗരത്തിലെ ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നിന്നിരുന്ന നിരവധിപേര്‍ സഞ്ചരിക്കുന്ന എ.ടി.എമ്മിന് മുന്നിലേക്ക് ഓടിയത്തെിയിരുന്നു. ബാങ്കുകളില്‍ സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും പ്രത്യേക ക്യൂ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും മിക്കയിടത്തും അത് പാലിക്കാനായില്ല. കാസര്‍കോട് ഐ.ഡി.ബി.ഐ ശാഖക്ക് മുന്നില്‍ ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായി. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നില്‍ രാവിലെ ഏഴുമുതല്‍ പണത്തിനുവേണ്ടി ജനങ്ങള്‍ എത്തിയിരുന്നു. ഉച്ചയോടെ ടോക്കണ്‍ തീര്‍ന്നു. ബാങ്കുകള്‍ തിരക്ക് കുറക്കാന്‍ ടോക്കണ്‍ നല്‍കുന്നതിന്‍െറ എണ്ണം കുറച്ചുകൊണ്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.