ഉദുമയിലെ തോല്‍വി: കോണ്‍ഗ്രസും ലീഗും പോരില്‍

കാസര്‍കോട്: ഉദുമയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍െറ പരാജയത്തെ ചൊല്ലി ഡി.സി.സി പ്രസിഡന്‍റ് അഡ്വ.സി.കെ.ശ്രീധരനും മുസ്ലിം ലീഗ് നേതാക്കളും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കവേ ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കല്ലട്ര മാഹിന്‍ ഹാജി സ്ഥാനം രാജിവെച്ചു. സുധാകരന്‍െറ തോല്‍വിക്ക് പിന്നില്‍ ലീഗ് ശക്തികേന്ദ്രങ്ങളില്‍ നിന്ന് വോട്ട് ചോര്‍ന്നതാണെന്ന്് ശ്രീധരന്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ ലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിക്കുകയും ചെയ്തു. ചില ലീഗ് നേതാക്കളും ശ്രീധരനെതിരെ രംഗത്തുവന്നു. മുന്നണിക്കകത്തെ പ്രശ്നങ്ങള്‍ ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ വിജയത്തിന് മങ്ങലേല്‍പ്പിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കോണ്‍ഗ്രസ് ജില്ലാ ട്രഷററും ഉദുമ ഡിവിഷനില്‍ നിന്ന് ജയിച്ച ജില്ലാ പഞ്ചായത്തംഗവുമായ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉദുമ പഞ്ചായത്തും ചെമ്മനാടും പള്ളിക്കരയും ഉള്‍പ്പെടുന്നതാണ് ഉദുമ ഡിവിഷന്‍. 17 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിന് എട്ടും എല്‍.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍, പാദൂര്‍ കുഞ്ഞാമുവിന്‍െറ നിര്യാണത്തെ തുടര്‍ന്ന് യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇപ്പോള്‍ ഏഴുവീതം അംഗങ്ങളാണ്. ഇതോടെ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാവുകയാണ്. ഉദുമയിലെ ലീഗ് ശക്തികേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞത് സുധാകരന്‍െറ പരാജയത്തിന് കാരണമായെന്ന കോണ്‍ഗ്രസിന്‍െറ ആരോപണമാണ് ലീഗിനെ ചൊടിപ്പിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ ഉദുമ സീറ്റ് കോണ്‍ഗ്രസിനാണ്. ഉദുമ പഞ്ചായത്തിലെ മുഴുവനും ചെമ്മനാട്ടെ ഏഴും പള്ളിക്കരയിലെ എട്ടും വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഉദുമ ഡിവിഷന്‍. ചെമ്മനാട്, പള്ളിക്കര, മുളിയാര്‍ പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളില്‍ നിന്ന് മിക്ക വോട്ടുകളും സുധാകരന് ലഭിച്ചില്ളെന്നാണ് കോണ്‍ഗ്രസിന്‍െറ ആരോപണം. അതേസമയം, സുധാകരനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നത് തങ്ങളാണെന്ന് ലീഗും വ്യക്തമാക്കുന്നു. ഇതിനിടെ ഉദുമയില്‍ മത്സരിക്കാന്‍ പാദൂരിന്‍െറ മകന്‍ സ്വയം രംഗത്തിറങ്ങിയതും ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചയോ മറ്റു അവലോകന യോഗങ്ങളോ നടക്കാതെ പാദൂരിന്‍െറ മകന്‍െറ സ്ഥാനാര്‍ഥിത്വം പ്രചരിപ്പിച്ചത് ലീഗിനോട് അനുകൂലമുള്ള ചിലരാണെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.