അനധികൃത പണമിടപാടും ലഹരി കടത്തും തുടരുന്നു

തൃക്കരിപ്പൂര്‍: വോട്ടെടുപ്പിന് രണ്ടു ദിവസം അവശേഷിക്കെ തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ ഭാഗങ്ങളില്‍ പണമിടപാടും ലഹരി വസ്തുക്കളുടെ കടത്തും തുടരുന്നു. അടുത്തടുത്ത ദിവസങ്ങളിലായി തൃക്കരിപ്പൂര്‍, ഒളവറ, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് 23 ലക്ഷം രൂപയും ലഹരി വസ്തുക്കളും വിദേശ മദ്യവുമാണ് ചന്തേര പൊലീസും പ്രത്യേക സ്ക്വാഡും ചേര്‍ന്ന് പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാവിലെ ഇളമ്പച്ചി വ്യവസായകേന്ദ്രം പരിസരത്തുനിന്ന് പിടിച്ചെടുത്തത് രേഖകളില്ലാത്ത കടത്തുകയായിരുന്ന 4.78 ലക്ഷം രൂപയാണ്. പയ്യന്നൂര്‍ തൃക്കരിപ്പൂര്‍ മെയിന്‍ റോഡില്‍ വാഹനപരിശോധന നടത്തിയ ചന്തേര പൊലീസ് സംഘമാണ് കാറില്‍നിന്ന് പണം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് വെങ്ങര സ്വദേശി എ. സരുണി (31)നെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസം ചെറുവത്തൂരില്‍നിന്ന് 15.05 ലക്ഷം രൂപയാണ് ചന്തേര പൊലീസ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് നിരോധിത ലഹരി വസ്തുക്കളുടെ ആയിരക്കണക്കിന് പാക്കറ്റ് പൊലീസ് പിടികൂടിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മയ്യിച്ചയില്‍ നിന്ന് 80 കുപ്പി വിദേശമദ്യം പിടികൂടി ഗൃഹനാഥനെ അറസ്റ്റ് ചെയ്തതും കഴിഞ്ഞ ദിവസമാണ്. കൂടാതെ ഒളവറയില്‍നിന്ന് ഒന്നര ലക്ഷം രൂപയും അധികൃതര്‍ പിടികൂടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലേക്ക് അനധികൃത പണം ഒഴുകുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് വാഹന പരിശോധനയടക്കം പൊലീസ് കര്‍ശന നിരീക്ഷണം ഒരുക്കിയിരുന്നു. ഇതിനു പുറമേ പ്രത്യേകസ്ക്വാഡും സജീവമായി പണം ഇടപാടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.