ഉദുമയില്‍ ഡി.സി.സിയുടെ പേര് സുധാകരന്‍ തന്നെ

കാസര്‍കോട്: ഉദുമയില്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ തയാറായ കെ. സുധാകരനുപകരം മറ്റൊരു സ്ഥാനാര്‍ഥിയെ ഡി.സി.സി നിര്‍ദേശിച്ചിട്ടില്ല. സുധാകരനുപകരം മറ്റൊരു പേര് സ്വീകരിക്കാന്‍ കെ.പി.സി.സി തയാറായതുമില്ല. ഇതോടെ ഉദുമയില്‍ സുധാകരന്‍ തന്നെ സ്ഥാനാര്‍ഥിയാകേണ്ടിവരും എന്ന നിലവന്നു. ഘടകകക്ഷിയായ മുസ്ലിംലീഗും സുധാകരന്‍െറ സ്ഥാനാര്‍ഥിത്വത്തിനായി സമ്മര്‍ദം ചെലുത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍െറ നേതൃയോഗത്തിലെ പരമര്‍ശത്തെ തുടര്‍ന്നാണ് സുധാകരന്‍ തന്‍െറ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. രാമകൃഷ്ണനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുയരുന്നതിന്‍െറ ഭാഗമാണ് സുധാകരന്‍െറ താല്‍ക്കാലിക പിന്മാറല്‍ എന്നാണ് ഡി.സി.സി നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. 18ന് കാസര്‍കോട്ട് നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സുധാകരന്‍ എത്തിയിരുന്നില്ല. ഉമ്മന്‍ ചാണ്ടി പങ്കെടുത്ത ചടങ്ങാണിത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുമ്പേ സുധാകരന്‍ കാസര്‍കോട്ട് യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത് ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നതിനാലാണ് സുധാകരന്‍ വിട്ടുനിന്നതെന്നാണ് വിശദീകരണം. ഉദുമ നിയോജക മണ്ഡല യോഗം ചട്ടഞ്ചാലില്‍ വിളിച്ചുചേര്‍ത്തിരുന്നു. സുധാകരന്‍ പിന്മാറ്റം അറിയിച്ചതോടെ ഈ യോഗവും നടന്നില്ല. ഇനി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം മാത്രമേ സുധാകരന്‍ ജില്ലയിലേക്കുണ്ടാകൂവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ വിശദീകരണം. കെ.സുധാകരന്‍ ജില്ലയിലെ ഘടകകക്ഷി നേതാക്കളെയും മണ്ഡലത്തിലെ പൗരപ്രമുഖരെയുംകണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഉദുമയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞുകേട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ പിന്മാറിയതായും സുധാകരനെ വിജയിപ്പിക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. കെ. നീലകണ്ഠന്‍, ഡി.സി.സി പ്രസിഡന്‍റ് സി.കെ. ശ്രീധരന്‍ എന്നിവരും മത്സരരംഗത്തില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.