കാലത്തിന്‍െറ കണ്ണാടിയായി ‘കലാപകാലം’

പയ്യന്നൂര്‍: അസഹിഷ്ണുത കത്തിപ്പടരുന്ന വര്‍ത്തമാനകാലത്തിന്‍െറ നേര്‍ക്കാഴ്ചയാവുകയാണ് വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സിന്‍െറ കലാപകാലം എന്ന തെരുവു നാടകം. ആദ്യാവസാനം പ്രേക്ഷകനെ ചിരിപ്പിക്കുക എന്ന പതിവ് ശൈലിയില്‍നിന്ന് വ്യതിചലിച്ച് ഗൗരവമുള്ള കാഴ്ചയും ചിന്തയും നല്‍കുന്നു എന്നതാണ് കലാപകാലത്തിന്‍െറ പ്രത്യേകത. പേരിനൊപ്പം ജാതിപ്പേരു കൂടി ചേര്‍ത്തുവെക്കുന്ന വര്‍ത്തമാനകാലത്ത് കത്തിച്ചുപിടിച്ച പാനീസ് വിളക്കുമായി ജാതി വാലില്ലാത്ത മനുഷ്യനെ തിരയുന്ന പാനീസ് അച്ചുവാണ് നാടകത്തെ മുന്നോട്ട് നയിക്കുന്നത്. ഒരു ഗ്രാമീണ ചായക്കട കേന്ദ്രീകരിച്ചുനടക്കുന്ന സംഭവങ്ങളാണ് നാടകത്തിന്‍െറ ഇതിവൃത്തം. ജാതി മത ഭേദമന്യേ മനുഷ്യര്‍ സ്നേഹത്തോടെ കഴിയുന്ന ഗ്രാമങ്ങളില്‍ പോലും മതവിദ്വേഷം വളര്‍ത്താന്‍ വര്‍ഗീയ വാദികള്‍ നടത്തുന്ന ശ്രമങ്ങളെ നാടകം ദൃശ്യവത്കരിക്കുന്നു. ക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്നം നടക്കുമ്പോള്‍ തൊഴിലിന്‍െറ ഭാഗമായി കൂകി എന്ന കാരണത്താല്‍ ഉസ്മാന്‍ എന്ന മീന്‍ കച്ചവടക്കാരനെ ആക്രമിക്കുന്നതോടെ ഗ്രാമത്തില്‍ കലാപം പടരുകയാണ്. കലാപം ഉണ്ടാകും എന്ന മുന്നറിയിപ്പുനല്‍കി അച്ചു പാനീസ് അണക്കുന്നു. എന്നാല്‍, സത്യം പറയുന്ന അച്ചുവും വധിക്കപ്പെടുകയാണ്.ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഫാഷിസം കടന്നുവരുന്ന വഴികള്‍ സൂചിപ്പിക്കുന്ന രംഗങ്ങളെ നാടകം ദൃശ്യവത്കരിക്കുന്നു. അസഹിഷ്ണുതയുടെ പ്രഥമ രക്തസാക്ഷിയായ ഗാന്ധിജിയെ നാടകം ഓര്‍മിപ്പിക്കുന്നു. കലാപകാലം രചിച്ചത് കെ.വി. ലക്ഷ്മണനാണ്. അനില്‍ നടക്കാവാണ് സംവിധാനം. എം.പി. രമേശന്‍, ടി. അജയകുമാര്‍, പി.വി. പ്രസാദ്, കെ.പ്രദീപ് കുമാര്‍, ജിതിന്‍, ഇ.വി.സുഹാസിനി, എന്‍.കെ. അനീഷ്, എന്‍.കെ. ജിനീഷ്, ഇ.വി. സുഗേഷ്, എ.കെ. ബിജു, കെ. സുരേശന്‍ മാസ്റ്റര്‍, പി. ഗോപാലകൃഷ്ണന്‍, വി.വി. സുകേഷ് എന്നിവര്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.