വാഹനത്തിരക്കില്‍ കുരുങ്ങി നഗരം

കാസര്‍കോട്: നഗരത്തില്‍ വാഹനത്തിരക്കും ഗതാഗതക്കുരുക്കും പെരുകി. പഴയ ബസ്സ്റ്റാന്‍ഡ് ഭാഗത്തേക്കുള്ള എം.ജി റോഡിലാണ് തിരക്കും കുരുക്കും ഏറുന്നത്. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ദേശീയപാതയിലെ സര്‍ക്ള്‍ മുതല്‍ ആരംഭിക്കുന്ന വാഹനങ്ങളുടെ നിര താലൂക്ക് ഓഫിസ് ജങ്ഷന്‍ വരെയും അവിടന്ന് ബാങ്ക് റോഡിലേക്കും നീളുന്നു. നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങും കാറുകളും ഇരു ചക്രവാഹനങ്ങളും നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്ക് കൂടുതല്‍ മുറുകാന്‍ കാരണമാകുന്നു. ട്രാഫിക് പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ നിയന്ത്രണ പരിധിയില്‍ ഒതുങ്ങാത്ത വിധമാണ് വാഹനപ്പെരുപ്പം. ചന്ദ്രഗിരി ജങ്ഷനില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കാത്തതിനാല്‍ നാലുഭാഗത്തു നിന്നുമത്തെുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഇവിടെ നിയോഗിക്കുന്ന ഹോംഗാര്‍ഡിന് സാഹസപ്പെടേണ്ടിവരുന്നു. കാറുകളാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതില്‍ മുന്നില്‍. എം.ജി റോഡില്‍ പഴയ ബസ്സ്റ്റാന്‍ഡ് മുതല്‍ ട്രാഫിക് സര്‍ക്ള്‍ വരെയുള്ള ഭാഗവും സമാന്തര പാതയായ കെ.പി.ആര്‍ റാവു റോഡ് പൂര്‍ണമായും കാറുകള്‍ കൈയടക്കിയ സ്ഥിതിയാണ്. നിയമം ലംഘിച്ച് അലക്ഷ്യമായി റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കാന്‍ പലപ്പോഴും നടപടിയുണ്ടാകുന്നില്ല. ഈ തിരക്കിനിടയിലാണ് ഡ്രൈവിങ് പഠനവും നടക്കുന്നത്. ഗതാഗതക്കുരുക്ക് കാരണം സ്വകാര്യബസുകള്‍ നഗരം ചുറ്റുന്നത് ഒഴിവാക്കി പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്ന് പുതിയ ബസ്സ്റ്റാന്‍ഡ് ഭാഗത്തേക്ക് തിരികെ പോവുകയാണ്. വാഹനത്തിരക്ക് വര്‍ധിച്ചത് കാല്‍നട യാത്രക്കാരെയും പ്രയാസത്തിലാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.