കാസര്‍കോട്: രാജ്യത്ത് കലാപത്തിന്‍െറ വിത്ത് പാകി അസ്വസ്ഥതകള്‍ സൃഷ്ടിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് മോദി സര്‍ക്കാറെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗവും അധ്യാപക സംഘടനയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന ഇ.കെ. മാസ്റ്ററെ അനുസ്മരിച്ച് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം നല്‍കി കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്ന സര്‍ക്കാറാണ് ബി.ജെ.പിയുടേത്. രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി ബി.ജെ.പി മുന്നോട്ട് പോവുകയാണ്. ഇതിന്‍െറ മറവില്‍ കോര്‍പറേറ്റുകള്‍ അവരുടെ താല്‍പര്യങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. കേരളത്തില്‍ ബി.ജെ.പിക്ക് എന്‍ട്രി പാസ് നല്‍കിയത് കോണ്‍ഗ്രസാണ്. ഇടതു സര്‍ക്കാറിന്‍െറ ഭരണ തുടര്‍ച്ചയാണ് സംസ്ഥാനത്ത് ഉണ്ടാവാന്‍ പോകുന്നത്. കേരളത്തില്‍ ഒരു ജനകീയ ഭരണമുണ്ടെന്ന കാര്യം ഒരു മാസത്തിനുള്ളില്‍തന്നെ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ അക്കമിട്ട് നടപ്പാക്കിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് സര്‍വിസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി. അംഗവും റവന്യൂ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി. കൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറി ബി.വി. രാജന്‍, ജില്ലാ എക്സി. അംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.എസ്. കുര്യാക്കോസ്, എം. അസിനാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.