ജനകീയ ഇടപെടലിലൂടെ ലഹരി വിമുക്ത സമൂഹം സാധ്യമാക്കണം –മന്ത്രി

കാസര്‍കോട്: ജനകീയ ഇടപെടലിലൂടെ മാത്രമേ ലഹരി വിമുക്ത സമൂഹം സാധ്യമാക്കാനാവുകയുള്ളൂവെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് കാസര്‍കോട് ഗവ. കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹത്തില്‍ കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിശക്തമായ ഇടപെടലിലൂടെ മാത്രമേ നമുക്ക് ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് തടയിടാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ നേട്ടങ്ങള്‍ നിലനിര്‍ത്താനും പുതിയവ നേടാനുമുള്ള ശ്രമത്തിലാണ് നാം ഓരോരുത്തരും. എന്നാല്‍, ആ മുന്നേറ്റത്തിന് പ്രതികൂലമായി നില്‍ക്കുകയാണ് ലഹരിവസ്തുക്കള്‍. ലഹരിവസ്തുക്കളുടെ ഉപയോഗം പുരുഷന്മാരിലാണ് കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍, അതിന്‍െറ ദുരന്തം പേറുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന ദു:ഖസത്യവും നമുക്കറിയാം. മയക്കുമരുന്ന് മാഫിയകള്‍ പുതുതലമുറയെയാണ് ലക്ഷ്യംവെക്കുന്നത്. അതുകൊണ്ട് സ്കൂളുകളിലെയും കോളജുകളിലെയും സംഘടനകള്‍ ബോധവത്കരണവുമായി മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. സെമിനാര്‍, ചിത്രപ്രദര്‍ശനം, ഏകപാത്ര നാടകം തുടങ്ങിയ പരിപാടികളാണ് മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് സംഘടിപ്പിച്ചത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം, കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ.കെ. മുഹമ്മദലി, കാസര്‍കോട് പ്രസ്ഫോറം പ്രസിഡന്‍റ് സണ്ണി ജോസഫ്, റെഡ്ക്രോസ് ജില്ലാ ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍, കെ.എസ്.ഇ.എസ്.എ സെക്രട്ടറി എം.വി. ബാബുരാജ്, കാസര്‍കോട് ഗവ. കോളജ് എന്‍.എസ്.എസ് കോഓഡിനേറ്റര്‍ എം.സി. രാജു, എക്സൈസ് ബോധവത്കരണ വിഭാഗം അസി. ലെയ്സണ്‍ ഓഫിസര്‍ എന്‍.ജി. രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ മുഹമ്മദ് റഷീദ് സ്വാഗതവും അസി. എക്സൈസ് കമീഷണര്‍ മാത്യു കുര്യന്‍ നന്ദിയും പറഞ്ഞു. ബാലസംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പാടി എ.കെ.ജി വായനശാലയില്‍ ലഹരിക്കെതിരെ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രവീണ്‍ പാടി ഉദ്ഘാടനം ചെയ്തു. മിഥുന്‍രാജ് അധ്യക്ഷത വഹിച്ചു. അഭിജിത് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.