കാസര്‍കോട്: ജില്ലയില്‍ നടപ്പാക്കുന്ന നബാര്‍ഡ്-ആര്‍.ഐ.ഡി.എഫ് പദ്ധതിയിലുള്‍പ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ നടത്തിയ പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ആര്‍.ഐ.ഡി.എഫ് 17 സ്കീമില്‍ ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലക്ക് അനുവദിച്ച പാക്കേജിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കും. ബഡ്സ് സ്കൂളുകള്‍, സാമൂഹിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍, കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, വിവിധ കുടിവെള്ള പദ്ധതികള്‍, നീര്‍മറി പ്രദേശ വികസനം തുടങ്ങിയവ ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. പൂര്‍ത്തീകരിച്ച പദ്ധതിയുടെ ബില്ലുകള്‍ സമര്‍പ്പിക്കണം. പുതുതായി അനുവദിക്കുന്ന ആര്‍.ഐ.ഡി.എഫ് 22ല്‍ സ്കീമുകള്‍ അനുമതിക്ക് സമര്‍പ്പിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികകള്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഉടന്‍ തയാറാക്കണമെന്നും നിര്‍ദേശിച്ചു. ചീമേനി സൈബര്‍ പാര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. നബാര്‍ഡ്-ആര്‍.ഐ.ഡി.എഫ്-16ല്‍ ഉള്‍പ്പെട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം ഡിസംബറിനകം പൂര്‍ത്തീകരണ റിപ്പോര്‍ട്ടും ബില്ലും നല്‍കുന്നതിനും 17ല്‍ ഉള്‍പ്പെട്ട പദ്ധതികള്‍ അടുത്ത വര്‍ഷം ജൂണിനകം പൂര്‍ത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ക്ക് നബാര്‍ഡ് സ്കീമില്‍നിന്ന് തുക ഉപയോഗപ്പെടുത്തണമെന്ന് കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ നബാര്‍ഡ് എ.ജി.എം ജ്യോതിസ് ജഗന്നാഥ് പദ്ധതി വിശദീകരിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ. അനില്‍ബാബു, എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. അംബുജാക്ഷന്‍, വിവിധ വകുപ്പുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.