നാലുവരി ദേശീയപാത: ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍

കാസര്‍കോട്: ജില്ലയില്‍ ദേശീയപാത-17 നാലുവരിപ്പാതയാക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. പൊതുമരാമത്ത് വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗമാണ് തീരുമാനമെടുത്തത്. 110 ഹെക്ടര്‍ സ്ഥലമാണ് ജില്ലയില്‍ ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ 66 ഹെക്ടര്‍ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമികനടപടി പൂര്‍ത്തിയായി. 35.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ജൂലൈ 31നകം സര്‍വേ പൂര്‍ത്തിയാക്കും. കെട്ടിടങ്ങളുടെ മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരെ മഞ്ചേശ്വരം, ഹോസ്ദുര്‍ഗ്, കാസര്‍കോട് താലൂക്കുകളിലായി ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പ്രധാന പരിഗണന നല്‍കുന്ന വിഷയമാണ് ദേശീയപാത വികസനമെന്നും കാസര്‍കോട്ടുനിന്ന് നിര്‍മാണമാരംഭിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ പറഞ്ഞു. കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ ചളിയങ്കോട് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വീടുകള്‍ അപകടത്തിലായതും യോഗത്തില്‍ ചര്‍ച്ചയായി. പാര്‍ശ്വഭിത്തി നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ദേശീയപാതവിഭാഗം ചീഫ് എന്‍ജിനീയറും കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടറുമായ കെ.വി. പ്രഭാകരന്‍, ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അംബുജാക്ഷന്‍, ബി. അബ്ദുന്നാസര്‍, ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികളായ പ്രിന്‍സ് പ്രഭാകരന്‍, കെ.വി. അബ്ദുല്ല, കെ. സേതുമാധവന്‍ നായര്‍, പി. അശോക് കുമാര്‍, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ പി.കെ. മിനി, സി. സുരേഷന്‍, സിജി സുഗതന്‍, പി. സുരേന്ദ്ര, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം.കെ. നാരായണന്‍ എന്നിവരും പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരും ബി.എസ്.എന്‍.എല്‍ പ്രതിനിധികളും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.