കാഞ്ഞങ്ങാട്: പി. കരുണാകരന്‍ എം.പിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമയോജന (സാഗി) പദ്ധതി നടപ്പാക്കുന്ന കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ മാതൃകാ ഗ്രാമപഞ്ചായത്തായി മാറ്റാനുള്ള നടപടി സ്വീകരിക്കാന്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സാഗി അവലോകന യോഗത്തില്‍ തീരുമാനം. പി. കരുണാകരന്‍ എം.പിയുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. പഞ്ചായത്തിനെ സമ്പൂര്‍ണ സൗരഗ്രാമമായി മാറ്റാനും തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി ആവശ്യക്കാര്‍ക്ക് സോളാര്‍ പാനലുകള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ സേവനങ്ങള്‍ പഞ്ചായത്തില്‍ കൃത്യമായി ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകള്‍ നടപടിയെടുക്കണമെന്ന് കലക്ടര്‍ ഇ. ദേവദാസന്‍ നിര്‍ദേശിച്ചു. മുഴുവന്‍ സമയ മെഡിക്കല്‍ ഓഫിസറെയും കൃഷി ഓഫിസറെയും പഞ്ചായത്തില്‍ നിയമിക്കും. വീടില്ലാത്തവര്‍ക്ക് വീട് അനുവദിക്കും. പട്ടികജാതി-വര്‍ഗ കോളനികളില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് വൈദ്യുതി ലഭ്യമാക്കും. ജല വിതരണ പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. പ്രഭാകരന്‍ കമീഷന്‍ ശിപാര്‍ശകളിലുള്‍പ്പെടുത്തി പഞ്ചായത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. ദേശസാത്കൃത ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കി കേന്ദ്ര സര്‍ക്കാറിന്‍െറ സബ്സിഡി കൂടി ഉപയോഗിച്ച് പദ്ധതി നടപ്പാക്കും. കരിന്തളം വില്ളേജില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ചെറുകിട-ഇടത്തരം വ്യവസായ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം വ്യവസായ വകുപ്പ് ഉടന്‍ സമര്‍പ്പിക്കും. 50 ഏക്കര്‍ സ്ഥലം ഇതിനായി വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ചായ്യോത്ത് സാമൂഹിക നീതി വകുപ്പ് രണ്ടുകോടി മുടക്കി നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം നിര്‍മിക്കും. ഇതിനാവശ്യമായ ഭൂമി ലഭ്യമാക്കുന്നതിന് സര്‍ക്കാറിനെ സമീപിക്കും. പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഒരു കോടി രൂപ ചെലവില്‍ കെട്ടിടം നിര്‍മിക്കും. മുക്കടപ്പാലം മുതല്‍ അരയാക്കടവ് വരെയുള്ള തീരദേശ റോഡ് പൂര്‍ത്തീകരിക്കുന്നതിന് പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. മുഴുവന്‍ കുടുംബങ്ങള്‍ക്കും സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യമൊരുക്കും. യോഗത്തില്‍ പരപ്പ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി. രാജന്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. വിധുബാല, വൈസ് പ്രസിഡന്‍റ് വി. ബാലകൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈജമ്മ ബെന്നി, മെംബര്‍ സി.വി. ബാലകൃഷ്ണന്‍, നബാര്‍ഡ് എ.ജി.എം ജ്യോതിസ് ജഗന്നാഥ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. സാഗി പദ്ധതിയുടെ കോഓഡിനേറ്റര്‍ കൂടിയായ പി.എ.യു ഡയറക്ടര്‍ കെ. അനില്‍ ബാബു സ്വാഗതവും ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ എ. പ്രദീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.